യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ ഡിസി : യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ (27) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവേ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം 2023-ലാണ് പോൾ ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. ആറ് മാസം മുമ്പ് അദ്ദേഹം മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി. മുഴുവൻ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈമായി ജോലിയിൽ പ്രവേശിച്ചത്.
മകന്റെ മൃതദേഹം യുഎസിൽ നിന്ന് നാട്ടിലെത്തിക്കാൻ വിദ്യാർഥിയുടെ കുടുംബം സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാർഥിയുടെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.
മൃതദേഹം ജന്മനാട്ടിൽ എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹരീഷ് റാവു സർക്കാരിനോട് അഭ്യർത്ഥിച്ചു. “വലിയ ഉയരങ്ങളിൽ എത്തുമെന്ന് അവർ വിശ്വസിച്ചിരുന്ന മകൻ ഇനി ഇല്ലെന്ന് അറിയുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഹൃദയം തകർക്കുന്നതാണ്,” അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് റാവു പറഞ്ഞു. ചന്ദ്രശേഖറിന്റെ ഭൗതികാവശിഷ്ടങ്ങൾ എത്രയും വേഗം ജന്മനാട്ടിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.