Uncategorizedകേരളംദേശീയം

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ച് കേരളാ തമിഴ്‌നാട് സര്‍ക്കാരുകൾ

തിരുവനന്തപുരം : കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ല.

ഈ ബാച്ച് മരുന്നിന്റെ വില്‍പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയതെന്നും മന്ത്രി പറഞ്ഞു. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കെഎംഎസ്‌സിഎല്‍ വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ കുറിപ്പ് 

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ല . ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

തമിഴ്‌നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു

ചെന്നൈ : മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു. വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്‌നാട്ടിലുടനീളം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ, മരുന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ഛത്രത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്തി, സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കമ്പനി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഡൈത്തിലീന്‍ ഗ്ലൈക്കോള്‍’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ നടത്തുന്ന ലബോറട്ടറികളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിശുമരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച തന്നെ 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ സിറപ്പുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നിര്‍ദേശം പുറപ്പെടുവിച്ചത്. മരുന്ന് വില്‍പ്പന തടയാനും സ്റ്റോക്കുകള്‍ മരവിപ്പിക്കാനും വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലബോറട്ടറികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുവരെ പ്ലാന്റില്‍ സിറപ്പിന്റെ ഉത്പാദനം നിര്‍ത്തിവയ്ക്കാനാണ് കമ്പനിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ സെപ്റ്റംബര്‍ 7 മുതല്‍ വൃക്കരോഗം ബാധിച്ച് നിരവധി കുട്ടികള്‍ മരിക്കുന്നതിന് കാരണം ചുമ സിറപ്പുകളില്‍ ‘ബ്രേക്ക് ഓയില്‍ ലായകം’ കലര്‍ത്തുന്നതാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ആരോപിച്ചു. മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 9 ആയി. രാജസ്ഥാനില്‍ രണ്ട് കുട്ടികള്‍ മരിച്ചതായാണ് കണക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button