പി ഒ കെ പ്രക്ഷോഭം : പ്രതിഷേധക്കാരുടെ 21 ആവശ്യങ്ങൾ അംഗീകരിച്ച് മുട്ടുകുത്തി പാക് സർക്കാർ

ഇസ്ലാമാബാദ് : പാക് അധിനിവേശ കാശ്മീരിൽ (പി ഒ കെ) നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി പാകിസ്ഥാൻ ഭരണകൂടം. സമരക്കാർ മുന്നോട്ടുവച്ച് പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാൻ സർക്കാർ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെ എ എ സി) ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചു. മുസാഫറാബാദ്, മിർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയാണ് പ്രക്ഷോഭം നയിച്ചത്. വൈദ്യുതി, ധാന്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയ്ക്കായുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങൾ രണ്ടാഴ്ചയിലേറെയായി തുടരുന്നതിനിടെയാണ് ഇവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത്. ഈ പ്രക്ഷോഭത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം നേരിടാൻ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും സമരക്കാർ പിൻവാങ്ങിയില്ല. ഇന്റർനെറ്റ് സേവനങ്ങളടക്കം നിരോധിച്ചുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടം കടന്നെങ്കിലും പ്രക്ഷോഭത്തിലെ ഐക്യം സർക്കാരിനെ മുട്ടുകുത്തിക്കുകയായിരുന്നു.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെ എ എ സി) ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചതോടെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമായി. അംഗീകരിച്ച ആവശ്യങ്ങൾക്ക് ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. അന്യായമായ 12 അസംബ്ലി സീറ്റുകൾ നീക്കം ചെയ്യണമെന്നതും, വൈദ്യുതി, ധാന്യ സബ്സിഡികളും ഉൾപ്പെടെയുള്ളവയാണ് പ്രധാന ആവശ്യങ്ങൾ. ബാക്കി 17 ആവശ്യങ്ങളിലും ചർച്ചകൾ തുടരുമെന്ന് സർക്കാർ അറിയിച്ചു.