ചരിത്ര വനിതയായി സാറാ മുല്ലാലി; ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വനിത ആർച് ബിഷപ്

കാന്റർബറി : 1400 വർഷത്തിനിടെ, ആദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വനിത ആർച് ബിഷപ്. സാറാ മുല്ലാലി എന്ന 63കാരിക്കാണ് ചരിത്ര നിയോഗം. വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ കാന്റർബറി ചർച്ചിന്റെ ആർച് ബിഷപ്പായി അവർ ചുമതലയേറ്റു.
2018 മുതൽ ലണ്ടൻ ബിഷപ്പായി പ്രവർത്തിക്കുകയായിരുന്നു സാറ. ബിഷപ്പായിരിക്കെ, സ്വവർഗ ദമ്പതികളെ അനുഗ്രഹിച്ചതടക്കമുള്ള സംഭവങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ച പുരോഹിതയാണ് സാറ. അതുകൊണ്ടുതന്നെ, സാറയുടെ ആർച് ബിഷപ് പദവി എട്ടരക്കോടിയോളം വരുന്ന ആംഗ്ലിക്കൻ വിശ്വാസികൾക്കിടയിൽ ചില മുറുമുറുപ്പുകൾക്കും ഇടയാക്കിയിട്ടുണ്ട്.
ആംഗ്ലിക്കൻ സഭയുടെ 106ാമത് ആർച് ബിഷപ്പാണ് സാറ മുല്ലാലി. 11 വർഷം മുമ്പ് സഭ കൈക്കൊണ്ട നിയമഭേദഗതിയാണ് സാറക്ക് ആർച് ബിഷപ് പദവി സാധ്യമാക്കിയത്. ഇംഗ്ലണ്ടിൽ നാഷനൽ ഹെൽത്ത് സർവിസിൽ നഴ്സായിരുന്ന മുല്ലാലി 2006ൽ ആണ് പുരോഹിതയായത്. 2012ൽ സാലിസ്ബറി കത്തീഡ്രലിൽ കാനൻ ട്രഷററായി; മൂന്നു വർഷത്തിനുശേഷം ബിഷപ് പദവിയിലെത്തി.
2018ൽ, ഇംഗ്ലണ്ടിലെ ആദ്യവനിത ബിഷപ്പായ സാറ, സഭയുടെ ആദ്യ മൂന്ന് പ്രധാന പുരോഹിതരിൽ ഒരാളായി മാറി. കഴിഞ്ഞ നവംബറിൽ ആർച് ബിഷപ് ജസ്റ്റിൻ വെർബി രാജിവെച്ച ഒഴിവിലാണ് സാറയുടെ നിയമനം. ജനുവരിയിലായിരുന്നു തെരഞ്ഞെടുപ്പ്.