പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാല്‍ അന്തരിച്ചു

കാലിഫോര്‍ണിയ : പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാല്‍ (91) അന്തരിച്ചു. ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനത്തിലൂടെ ലോകമറിഞ്ഞ വ്യക്തിയാണ് ജെയിന്‍ ഗുഡാല്‍. കാലിഫോര്‍ണിയില്‍ വച്ചാണ് അന്ത്യം. ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് തന്റെ ജീവിതം മാറ്റിവച്ച വ്യക്തി എന്ന നിലയില്‍ ലോകം ശ്രദ്ധിച്ച വ്യക്തിത്വമാണ് ജെയിന്‍ ഗുഡാല്‍. ചിമ്പാന്‍സികള്‍ക്ക് ഒരു ഉപകരണം ഉപയോഗിക്കാന്‍ കാര്യക്ഷമമായി കഴിയും എന്ന് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയാണ് ഗുഡാല്‍.
പോപുലര്‍ കള്‍ച്ചര്‍, നാഷണല്‍ ജിയോഗ്രഫി തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഗുഡാലിനെ ലോകമറിഞ്ഞത്. യുഎന്‍, ഗ്രീന്‍പീസ് എന്നിവയുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചിമ്പാന്‍സികളെ സംരക്ഷിക്കാന്‍ അതിന്റെ ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടണം എന്ന ആശയം ലോകത്തെ ബോധ്യപ്പെടുത്താന്‍ ആയിരുന്നു ജെയിന്‍ ഗുഡാല്‍ ജീവിതം മാറ്റിവച്ചത്. ഇതിനായി ലോകം മുഴുവന്‍ സഞ്ചരിച്ച അവര്‍ ഇത്തരം ഒരു യാത്രയ്ക്കിടെയാണ് കാലിഫോര്‍ണിയയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
1934 ഏപ്രില്‍ 3 ന് ബ്രിട്ടനിലെ ഹാംപ്സ്റ്റഡില്‍ ആയിരുന്നു ഗുഡാലിന്റെ ജനനം. ബ്രിട്ടന്റെ കീഴിലായിരുന്ന ടാന്‍സാനിയയില്‍ നിന്നായിരുന്നു ഗുഡാല്‍ ചിമ്പാന്‍സികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. 1960 ജൂണില്‍ ടാന്‍സാനിയയിലെ ഗോംബെ സ്ട്രീം ഗെയിം റിസര്‍വില്‍ പ്രവേശിച്ച ഗുഡാല്‍ പിന്നീട് 20 വര്‍ഷങ്ങള്‍ കൊടുംകാടിനുള്ളില്‍ ചിമ്പാന്‍സികൂട്ടത്തോടൊപ്പം ജീവിച്ച് അവയുടെ പെരുമാറ്റം, പ്രകടനങ്ങള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചു. മനുഷ്യരെപ്പോലെതന്നെ കുടുംബ സാമൂഹികബന്ധങ്ങള്‍ പുലര്‍ത്തുന്ന അവയുടെ ബുദ്ധിപരവും വൈകാരികവുമായ പലതലങ്ങള്‍ ഗുഡാല്‍ ആണ് കണ്ടെത്തിയത്. നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റി ഡോക്യുമെന്ററിയിലൂടെ ഈ ദൗത്യത്തെക്കുറിച്ച് ലോകത്തെയറിയിച്ചു. ഷാഡോസ് ഓഫ് മാന്‍, ചിമ്പാന്‍സീസ് ഓഫ് ഗോംബെ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും ഗുഡാല്‍ രചിച്ചു. നിരവധി പുരസ്‌കാരങ്ങളും ഗുഡാലിനെ തേടിയെത്തിയിട്ടുണ്ട്.