അന്തർദേശീയം

ഫ്ലോട്ടില ഇസ്രായേൽ സമുദ്രാതിർത്തിയിൽ; ഏത് സമയത്തും ആക്രമിക്കപ്പെടാമെന്ന് സുമൂദ് ഫ്ലോട്ടിലയിൽ നിന്ന് ട്വീറ്റ്

ഗസ്സ സിറ്റി : ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടില അപകട മേഖലയിൽ പ്രവേശിച്ചു. ​ഇസ്രായേൽ സേന തടയുമെന്ന് പ്രഖ്യാപിച്ച പ്രദേശത്താണ് ബോട്ടുകൾ ഇപ്പോഴുള്ളത്. ഗസ്സയിൽ നിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ടുകളുള്ളതെന്ന് ഫ്ലോട്ടില ഇൻസ്റ്റ​ഗ്രാം പേജിലൂടെ അറിയിച്ചു.

ജറുസലേം സമയം പുലർച്ചെ 5.30ഓടെ, ചില അജ്ഞാത ബോട്ടുകൾ ഫ്ലോട്ടില ബോട്ടുകളുടെ അടുത്തേക്ക് ലൈറ്റുകൾ അണച്ച ശേഷം വന്നതായും തുടർന്ന് ഉടൻ തന്നെ പോയതായും ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറയുന്നു. ​ഇസ്രായേലി ഇടപെടലുണ്ടാകുന്ന ഉയർന്ന അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചപ്പോൾ ഫ്ലോട്ടിലയ്ക്ക് മുകളിലൂടെ ഡ്രോണുകളുടെ സഞ്ചാരം വർധിച്ചതായും അവർ പറഞ്ഞു.

‘ഇപ്പോൾ ഞങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നു, മുൻ ഫ്ലോട്ടിലകൾ ആക്രമിക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്ത പ്രദേശം’- ഫ്ലോട്ടില ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഇസ്രായേൽ നാവികസേന തടയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ അതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും ചൂണ്ടിക്കാട്ടുന്ന ഒരു ട്വീറ്റ് സുമൂദ് ഫ്ലോട്ടില പിന്നീട് പോസ്റ്റ് ചെയ്തു.

ഫ്ലോട്ടിലയെ ആക്രമിക്കാനും അതിലെ പ്രവർത്തകരെ തടവിലാക്കാനും തയാറെടുക്കുകയാണ് ഇസ്രായേൽ സേന. ബോട്ടുകളെ തടയാൻ നാവികസേന സജ്ജമാണെന്ന് ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ പറഞ്ഞിരുന്നു. 47 ബോട്ടുകളുള്ള ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ഈ ആഴ്ച ​ഗസ്സ സ്ട്രിപ്പിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗും പാർലമെന്റേറിയൻമാരും അഭിഭാഷകരും ഉൾപ്പെടെ 500ലധികം ആക്ടിവിസ്റ്റുകളാണ് ഫ്ലോട്ടിലയിലുള്ളത്.

ബോട്ടുകളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ തടസപ്പെട്ടതായി ഡ്രോപ്പ്‌സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ​ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര സഹായ ഫ്ലോട്ടിലയോട് അവരുടെ ദൗത്യം ഉടൻ നിർത്താൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഫ്ലോട്ടില പ്രവർത്തകർ നിരസിച്ചിരുന്നു.

ഇസ്രായേലുമായി ഒരു ഏറ്റുമുട്ടൽ സാഹചര്യമുണ്ടാക്കുന്നത്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച പദ്ധതി പ്രകാരമുള്ള സമാധാനസാഹചര്യം തകിടം മറിക്കുമെന്നായിരുന്നു മെലോണിയുടെ അവകാശവാദം. പലരും ആ പദ്ധതി തടസപ്പെടുത്തുന്നതിൽ സന്തോഷിക്കുമെന്നും മെലോണി പ്രസ്താവനയിൽ പറഞ്ഞു.

‘ഇസ്രായേലി നാവിക ഉപരോധം മറികടക്കാനുള്ള ഫ്ലോട്ടിലയുടെ ശ്രമം ഇതിനൊരു കാരണമായേക്കാമെന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ, ഫ്ലോട്ടിലയുടെ യാത്ര ഇപ്പോൾ നിർത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു’- അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇറ്റലിയുടെ ഇടപെടൽ സംരക്ഷണമല്ല, അട്ടിമറിയാണെന്നായിരുന്നു ഫ്ലോട്ടിലയുടെ മറുപടി.

സുമൂദ് ഫ്ലോട്ടിലയ്ക്ക് ഒരു സ്പാനിഷ് നാവികസേനാ കപ്പലും രണ്ട് ഇറ്റാലിയൻ നാവികസേനാ കപ്പലും അകമ്പടി സേവിച്ചിരുന്നു. എന്നാൽ ​കരയിൽ നിന്ന് 150 നോട്ടിക്കൽ മൈലിനുള്ളിൽ എത്തിയാൽ, രാജ്യത്തിന്റെ കപ്പലുകൾ ഫ്ലോട്ടിലയെ പിന്തുടരുന്നത് നിർത്തുമെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button