ദേശീയം
എന്നൂരിലെ താപവൈദ്യുത നിലയത്തിൽ വൻ അപകടം; കെട്ടിടം തകർന്നു വീണ് 9 തൊഴിലാളികൾ മരിച്ചു

ചെന്നൈ : എന്നൂർ താപവൈദ്യുത നിലയത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നു വീണ് അപകടം. 9 തൊഴിലാളികൾ മരിച്ചു. പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിലേറെയും. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്.
വൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. ആർച്ച് തകർന്നു തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർച്ചയുടെ കാരണം കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.