അന്തർദേശീയം

പാക് അര്‍ധസൈനിക ആസ്ഥാനത്തിനടുത്ത് സ്‌ഫോടനം; 13 മരണം

ക്വറ്റ : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്ത് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 മരണം. സ്‌ഫോടനത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ തകര്‍ന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടണത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മുന്‍ കരുതലിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവിശ്യയിലെ ആരോഗ്യ മന്ത്രി ബഖത് കാക്കര്‍ പറഞ്ഞു.

സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. രക്ഷാപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശം സുരക്ഷാ സേന വളഞ്ഞതായും തിരച്ചില്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ട്.

സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി പോലുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള അക്രമങ്ങള്‍ കാരണം ബലൂചിസ്ഥാന്‍ വളരെക്കാലമായി പ്രക്ഷുബ്ധമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button