അന്തർദേശീയം

അമേരിക്കൻ എയർലൈൻസിന്റെ ലാൻഡിങ് ഗിയറിനിടയിൽ അജ്ഞാത മൃതദേഹം

നോർത്ത് കരോലിന : അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിനിടയിൽ അജ്ഞാത മൃതദേഹം. നോർത്ത് കരോലിനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽനിന്ന് മൃതദേഹം കണ്ടെത്തിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ചയായിരുന്നു സംഭവം. യൂറോപ്പിൽ നിന്നെത്തിയ ബോയിങ് 777-200 ഇആർ വിമാനം പതിവ് അറ്റകുറ്റപണികൾക്കായി ഹാങ്ങറിലേക്ക് മാറ്റിയപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഷാർലറ്റ്-മെക്ക്ലെൻബർഗ് പോലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെ ഇയാൾ വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിൽ കയറിപ്പറ്റി എന്നതിനെക്കുറിച്ച് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

വിമാനം സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ അറ്റകുറ്റപണികൾക്കായി മാറ്റിയതായിരുന്നു. ഇതിനിടെയാണ് ലാൻഡിങ് ഗിയറിനടുത്തായി ആളെ കണ്ടെത്തിയത്. ഇയാൾ മരിച്ചതായി പരിശോധനയിൽ എയർപോർട്ട് ഡിവിഷൻ ഓഫീസർ സ്ഥിരീകരിച്ചു- പോലീസ് അറിയിച്ചു. ഇയാൾ എവിടെനിന്നുള്ളയാണെന്നത് സംബന്ധിച്ചും വിവരങ്ങളില്ല.

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ കയറിപ്പറ്റി രഹസ്യമായി രാജ്യം കടക്കുന്ന നിരവനധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് 13-കാരൻ ഇന്ത്യയിൽ എത്തിയിരുന്നു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലാണ് ബാലൻ വന്നിറങ്ങിയത്. ഇറാനിലേക്ക് പോകാൻ ലക്ഷ്യമിട്ടാണ് കുട്ടി അഫ്ഗാനിസ്താന്‍റെ വിമാനക്കമ്പനിയായ കാം എയറിന്റെ വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിനുള്ളിൽ കയറിപ്പറ്റിയത്.

ജനുവരിയിൽ, ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്ന് ഫ്ലോറിഡയിലെത്തിയ ജെറ്റ്ബ്ലൂ വിമാനത്തിലും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് രണ്ട് പേരെയാണ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഫെഡറൽ ഏവിയേഷൻ കണക്കനുസരിച്ച് വീൽ അറയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്ത 77 ശതമാനം പേരും മരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തണുത്തുറഞ്ഞ താപനില, അതിശക്തമായ കാറ്റ്, തണുപ്പ്, ഓക്സിജന്റെ അഭാവം തുടങ്ങിയവ ഇത്തരത്തിൽ യാത്രചെയ്യുന്ന രഹസ്യ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതായാണ് റിപ്പോർട്ടുകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button