ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ദുബൈ : ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) സംഘടിപ്പിച്ച നമ്പർ പ്ലേറ്റ് ലേലത്തിൽ താരമായി ബി ബി 88 എന്ന നമ്പർ. അതി വാശിയേറിയ ലേലം വിളിക്ക് അവസാനം 14 മില്യൺ ദിർഹത്തിന് ആണ് നമ്പർ വിറ്റു പോയത്. അതായത് 34 കോടി ഇന്ത്യൻ രൂപ. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ലേലത്തിൽ അകെ 97.95 മില്യൺ ദിർഹത്തിനാണ് വിവിധ നമ്പർ പ്ലേറ്റുകൾ വിറ്റു പോയതെന്ന് അധികൃതർ വ്യക്തമാക്കി.
ലേലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ Y31 എന്ന നമ്പർ 6.27 മില്യൺ ദിർഹത്തിനാണ് വിറ്റത്. M 78,BB 777 എന്നി നമ്പറുകൾ 6 മില്യൺ ദിർഹത്തിനുമാണ് വിറ്റ് പോയത്. ഇതിൽ ബി ബി 777,ബി ബി 88 ഇനി നമ്പറുകൾക്കായി വാശിയേറിയ ലേലമാണ് നടന്നത്. 90 ഫാൻസി നമ്പർ പ്ലേറ്റുകളായിരുന്നു ലേലത്തിൽ ഉണ്ടായിരുന്നത്.
എഎ, ബിബി, കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, സെഡ് എന്നീ കോഡുകളിൽ നിന്നുള്ള 2, 3, 4, 5 അക്കങ്ങളുള്ള വാഹന പ്ലേറ്റ് നമ്പറുകളാണ് ലേലത്തിൽ വെച്ചിരുന്നത്.
ലേലത്തിൽ പങ്കെടുക്കാൻ കടുത്ത നിബന്ധനകളാണ് ഉണ്ടായിരുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആർ ടി എയുടെ പേരിൽ 25,000 ദിർഹമിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെക്കും 120 ദിർഹം റജിസ്ട്രേഷൻ ഫീസും (നോൺ റീഫണ്ടബിൾ) ആയി നൽകണം.
എന്നാൽ മാത്രമേ ലേല ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ ആർടിഎയുടെ വെബ്സൈറ്റ് വഴിയോ ഈ തുകകൾ അടയ്ക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു.