കേരളം

‘വാനോളം മലയാളം ലാൽസലാം’: മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും

തിരുവനന്തപുരം : ദാദാസാഹിബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് -തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രി സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും.

നൂറുവർഷം തികയുന്ന സിനിമയിൽ, മോഹൻലാലിന്റെ അഭിനയജീവിതം 50 വർഷത്തിലേക്ക് കടക്കുന്നു. മലയാള സിനിമ വ്യവസായത്തിന്റെ വളർച്ചയ്ക്ക് മോഹൻലാലിൻറെ പങ്ക് വളരെ വലുത്. വലിയ ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നു. എല്ലാത്തരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങളും പാലിക്കും. പ്രതിപക്ഷ നേതാവിനെ അടക്കം പ്രത്യേകം ക്ഷണിക്കും. എല്ലാവരും പങ്കെടുക്കണം. ലാൽസലാം എന്നത് മോഹൻലാലിനുള്ള സലാം എന്ന് മാത്രമേയുള്ളൂ. അതിനെ വൈകൃതം ആകേണ്ടെന്നും മന്ത്രി വ്യക്തമാക്കി. മോഹൻലാൽ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത നൃത്ത പരിപാടിയും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയലെ വിഗ്യാൻ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചത്. 2023ലെ ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ൽ അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹൻലാലിന് പുരസ്‌കാരം. ‘എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, എന്നായിരുന്നു അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനകം അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ മോഹന്‍ലാലിനെ തേടി എത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം മികച്ച നടനുള്ള പുരസ്കാരമാണ്. 2001ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. 2019ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button