പാൻ ആഫ്രിക്കൻ ഐക്യത്തിന് ആഹ്വാനവുമായി സോഷ്യലിസ്റ്റ് മൂവ്‌മെന്റ് ഓഫ് ഘാന

അബുരി : ആഗോള മുതലാളിത്തം അതിന്റെ ദൗര്‍ബല്യങ്ങള്‍ മറികടക്കാനാവാതെ കൂടുതൽ മൃഗീയമായ ബലപ്രയോഗത്തിലേക്ക് മാറുകയാണെന്ന് സോഷ്യലിസ്റ്റ് മൂവ്‌മെന്റ് ഓഫ് ഘാനയുടെ (SMG) രണ്ടാം ദേശീയ പ്രതിനിധി കോൺഗ്രസ്.
“സാമ്രാജ്യത്വം പ്രതിസന്ധിയിൽ: പാൻ-ആഫ്രിക്കൻ ഐക്യദാർഢ്യവും സോഷ്യലിസ്റ്റ് പരിവർത്തനവും” എന്ന പ്രമേയത്തിൽ വിളിച്ചുചേർത്ത സോഷ്യലിസ്റ്റ് മൂവ്‌മെന്റ് ഓഫ് ഘാനയുടെ (SMG) രണ്ടാം ദേശീയ പ്രതിനിധി കോൺഗ്രസിലാണ് വിലയിരുത്തൽ.
ആഗോള മുതലാളിത്തം, പ്രത്യേകിച്ച് അതിന്റെ നവലിബറൽ രൂപം, ആഴത്തിലുള്ള പ്രതിസന്ധിയിലാണെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. ഈ ഘട്ടത്തിൽ സംഘടിതവും ബോധപൂർവവുമായ പ്രതിരോധം ഉയരണമെന്ന് ചൂണ്ടികാട്ടി.
സെപ്റ്റംബർ 21 അബുരിയിലെ അഗിനോവയിലുള്ള അമിൽകാർ കാബ്രൽ സ്കൂളിലായിരുന്നു കോൺഗ്രസ് ചേർന്നത്. ഘാനയിലുടനീളമുള്ള 300 പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവന്ന കോൺഗ്രസ് ദേശീയവും അന്തർദേശീയവുമായ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ഘാനയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ മുതലാളിത്ത, നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടങ്ങളോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ദേശീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും തൊഴിലാളികൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും ജനാധിപത്യപരമായ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്ന് അത് ആവശ്യപ്പെട്ടു.
ആഫ്രിക്കയ്ക്കുള്ളിൽ, സാമ്രാജ്യത്വ ശക്തികളും അവരുടെ പ്രാദേശിക സഹകാരികളും ചേർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വിശാലമായ വിഭവങ്ങൾ കൊള്ളയടിക്കുന്നതിനെ കോൺഗ്രസ് പ്രമേയങ്ങൾ അപലപിച്ചു. ഗാസയിലെ കൂട്ടക്കൊലകൾ ഉടനടി അവസാനിപ്പിക്കുക, വർണ്ണവിവേചന വ്യവസ്ഥ ഇല്ലാതാക്കുക, പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം അംഗീകരിക്കുക” എന്നീ മുദ്രാവാക്യങ്ങളും എസ്എംജി ഉയർത്തി.
സാമ്രാജ്യത്വ ആധിപത്യത്തെ നേരിടുകയും പരമാധികാരത്തിനും സ്വയം നിർണ്ണയത്തിനുമുള്ള അവകാശം ഉറപ്പിക്കുകയും ചെയ്യുന്ന മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവിടങ്ങളിലെ ജനങ്ങളുടെ പോരാട്ടങ്ങളെ കോൺഗ്രസ് അഭിവാദ്യം ചെയ്തു. പ്രധാനമായി, “സാമ്രാജ്യത്വ നിയന്ത്രണത്തിൽ നിന്ന് മുക്തമായ വികസനത്തിലേക്കുള്ള ഒരു ബദൽ മാർഗം അവർ സ്വീകരിക്കുമ്പോൾ, അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ സഹേലിലെ ജനങ്ങളുമായുള്ള പാൻ-ആഫ്രിക്കൻ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനുള്ള” പ്രതിജ്ഞാബദ്ധത കോൺഗ്രസ് ഊന്നിപ്പറഞ്ഞു. പശ്ചിമ സഹാറയിലെ മൊറോക്കോയുടെ നിയമവിരുദ്ധ അധിനിവേശത്തെ എസ്‌എംജി അപലപിച്ചു.
ഘാനയിലെ സോഷ്യലിസ്റ്റ് പരിവർത്തനത്തിനുള്ള അടിത്തറയായി പ്രസ്ഥാനത്തിന്റെ അടിത്തട്ടിൽ രാഷ്ട്രീയ വിദ്യാഭ്യാസവും സംഘടനാ ബലവും ഊർജിതമാക്കാൻ തീരുമാനിച്ചു. ഘാനയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം പാൻ-ആഫ്രിക്കൻ ഐക്യം, സോഷ്യലിസ്റ്റ് പരിവർത്തനം, അന്താരാഷ്ട്ര ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത പുതുക്കുന്നതായി സമ്മേളനം പ്രഖ്യാപിച്ചു.
ഘാനയുടെ സ്ഥാപക പിതാവായ ക്വാമെ എൻക്രുമയെയും പാൻ ആഫ്രിക്കനിസത്തിനായുള്ള അദ്ദേഹത്തിന്റെ ദർശനത്തെയും ആഘോഷിക്കുന്ന “ഒസാഗ്യെഫോ നൈറ്റ്” എന്ന പരിപാടിയോടെയാണ് കോൺഗ്രസ് അവസാനിച്ചത്. ഫ്രീഡം ബാൻഡ് അവതരിപ്പിച്ച റെഗ്ഗെ സംഗീതവും ഗാനങ്ങളുടെയും നൃത്തങ്ങളുടെയും ഉത്സവ സാഹചര്യവും തീർത്താണ് കോൺഗ്രസ് സമാപിച്ചത്.