സൈബർ ആക്രമണം; ജാഗ്വാർ ലാൻഡ് റോവർ പ്ലാന്‍റുകളുടെ അടച്ചുപൂട്ടൽ ഒക്ടോബര്‍ 1വരെ നീട്ടി

ലണ്ടൻ: ടാറ്റാ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് നേരെ സൈബർ ആക്രമണം.ഇതിനെത്തുടര്‍ന്ന് കമ്പനിയുടെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. സ്ഥിതി ഗുരുതരമായതിനാൽ ഒക്ടോബര്‍ 1വരെ അടച്ചുപൂട്ടൽ നീട്ടിയതായി കമ്പനി അറിയിച്ചു.
യുകെയിലുള്ള ജെഎല്‍ആറിന്‍റെ മൂന്ന് പ്ലാന്‍റുകളായ സോളിഹള്‍, ഹെയ്‌ല്വുഡ്, വോള്‍വര്‍ഹാംപ്ടണ്‍ എന്നിവയെല്ലാം ഒക്ടോബര്‍ 1 വരെ പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. സൈബര്‍ ആക്രമണത്തിന് ശേഷം ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കേണ്ടി വന്നതിനാല്‍ വാഹനങ്ങളുടെ നിര്‍മ്മാണം സാധ്യമാകുന്നില്ല. പ്രതിദിനം ഏകദേശം 1,000 വാഹനങ്ങളാണ് പ്ലാന്‍റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ടാറ്റാ മോട്ടോഴ്‌സിന്‍റെ മൊത്തം വരുമാനത്തിന്‍റെ 72 ശതമാനവും സംഭാവന ചെയ്യുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവറാണ്.
ആഗസ്ത് അവസാനത്തില്‍ നടന്ന സൈബര്‍ ആക്രമണത്തിനുശേഷം, ജെഎല്‍ആറിന് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനി അതിന്‍റെ ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പ്രശ്‌നം കാരണം ആഴ്ചയില്‍ 50 ദശലക്ഷം പൗണ്ടിന്‍റെ (ഏകദേശം $68 മില്യണ്‍) നഷ്ടം കമ്പനി നേരിടുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, നിരവധി ജീവനക്കാരോട് വീട്ടിലിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനം നിലച്ചതോടെ കമ്പനിയുടെ ചില വിതരണക്കാരും നഷ്ടത്തിലാകുമെന്ന ആശങ്ക ശക്തമാണ്. ഈ വര്‍ഷം സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ ഗ്രൂപ്പ് പിഎല്‍സി തുടങ്ങിയവയ്ക്കും തടസങ്ങള്‍ നേരിട്ടിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജാഗ്വാറിന് ലഭിച്ച മൊത്തം ലാഭത്തേക്കാള്‍ വലിയ നഷ്‌ടമാണ് സൈബര്‍ ആക്രമണം മൂലം ഉണ്ടായിരിക്കുന്നത്. സൈബര്‍ ആക്രമണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഗ്വാര്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.