മോദി- ബൈഡൻ ചർച്ച; ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന സൂചനയുമായി ഇന്ത്യ
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചർച്ചയിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായില്ല. അതേസമയം എല്ലാ മേഖലകളിലും ഇന്ത്യ- അമേരിക്ക ബന്ധം ശക്തമായി തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ടു പ്ലസ് ടു ചർച്ചയിൽ അമേരിക്ക അറിയിച്ചു.
യുക്രെയിന് മേൽ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യ വിരുദ്ധ നിലപാടിനായി ഇന്ത്യക്ക് മേൽ സമ്മർദം ശക്തമാക്കിയിരുന്നു അമേരിക്ക. എന്നാൽ നിക്ഷ്പക്ഷ നിലപാടിൽ നിന്ന് പിന്നോട്ടില്ലന്നെ സന്ദേശമാണ് നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ചയിലും തുടർന്നുള്ള 2+2 ചർച്ചയും ഇന്ത്യ നൽകിയത്. റഷ്യയും യുക്രെയിനും ചർച്ച നടത്തി വിഷയം പരിഹരിക്കണമെന്നും നിലവിലെ ചർച്ചകൾ വിജയം കാണുമെന്നാണ് പ്രതീക്ഷ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുച്ച കൂട്ടക്കൊലയിൽ അപലപിച്ച ഇന്ത്യ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടു.
റഷ്യയുടെ യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. 2+2 ചർച്ചയിൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചു.എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ ഒരുനേരം വാങ്ങുന്ന എണ്ണ പോലും ഇന്ത്യ ഒരു മാസം വാങ്ങുന്നില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മറുപടി.
ചൈനയുടെ ഭീഷണി നേരിടാർ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അമേരിക്ക അറിയിച്ചു. ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കയിലെ പ്രതിരോധ രംഗത്ത് പ്രവര്ത്തിക്കുന്ന കമ്പനികളെ മെയ്ക് ഇന് ഇന്ത്യ പദ്ധതിയുടെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.