പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം; പ്രതികളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്

മസ്കത്ത് : പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ച സംഘത്തെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയ നാല് ഏഷ്യക്കാരെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ച് ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സീബ് വിലായത്തിലെ ഒരു ജ്വല്ലറിയിലാണ് സംഭവമുണ്ടായത്. തോക്കുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. തുടർന്ന് ഒന്നര ലക്ഷം റിയാലിന്റെ സ്വർണവും പണവും സംഘം സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ചു. അതിനു ശേഷം വാഹനത്തിൽ കയറി സംഘം രക്ഷപ്പെട്ടു. ഉടൻ തന്നെ കടയുടമ പൊലീസിനെ വിവരമറിയിച്ചു.
അധികൃതർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി. ഫോറൻസിക് സംഘം സ്ഥലത്തെ തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചു. അതിൽ നിന്ന് ഒരു പ്രതിയുടെ വിരൽ അടയാളം തിരിച്ചറിഞ്ഞു.
സി സി ടി വി ദൃശ്യങ്ങളിൽ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തികായും ചെയ്തു. തുടർന്ന് നടത്തിയ സാഹസികമായ നീക്കത്തിലൂടെ പ്രതികളെ കീഴ്പ്പെടുത്തിയതായും സ്വർണ്ണവും പണവും കണ്ടെത്തിയതായും ഒമാൻ പൊലീസ് അറിയിച്ചു.