സ. അഴിക്കോടന്‍ രാഘവന്റെ ഓര്‍മ ദിനത്തില്‍ ശ്രദ്ധേയമാകുന്ന എന്‍ രാജന്റെ കുറിപ്പ്

തൃശ്ശൂർ : കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളായ അഴിക്കോടന്‍ രാഘവന്റെ രക്തസാക്ഷി ദിനമാണ് ഇന്ന്. 1972 സെപ്റ്റംബര്‍ 23ന് രാത്രിയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ അഴിക്കോടന്‍ രാഘവന്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടത്. ഇടതുപക്ഷത്തിന്റെ സമര പോരാട്ടങ്ങളിലെ ആവേശ സാന്നിധ്യമായിരുന്നു അദ്ദേഹം. അഴിക്കോടന്‍ രാഘവന്റെ ഓര്‍മ ദിനത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ എന്‍ രാജന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ജീവിതത്തില്‍ ആദ്യമായി രക്തസാക്ഷി എന്നു കേള്‍ക്കുന്നത് അഴീക്കോടന്‍ കുത്തേറ്റു മരിച്ചപ്പോഴാണ്.
എന്തിനാണ് കൊന്നത്? ആരാണ് കൊന്നത്?
അന്നത്തെ നാലാം ക്ലാസുകാരന്റെ ഈ പഴയ ചോദ്യങ്ങള്‍ക്കൊക്കെ പല വര്‍ഷങ്ങളില്‍ പലരില്‍നിന്ന് പലവിധ ഉത്തരം കിട്ടിയിട്ടുണ്ട്.
വര്‍ഷം 53 കഴിഞ്ഞിട്ടും ഉത്തരങ്ങളുടെ വൈപരീത്യം ആവര്‍ത്തിക്കുന്നു. ശമനം തരാതെ അടിഞ്ഞുകൂടുന്ന അവക്ഷിപ്തങ്ങള്‍.
നവാബ് രാജേന്ദ്രനെ കണ്ടിട്ടുണ്ട്. പടിഞ്ഞാറേച്ചിറയിലെ പ്രസും നവാബ് പത്രവും പൂട്ടിയിട്ടും അവധൂതനെപ്പോലെ മുടിനീട്ടി ഊശാന്‍താടിയുമായി കാവി വസ്ത്രത്തില്‍ തല താഴ്ത്തി തൃശൂരിന്റെ നടവഴികളിലൂടെ നവാബ് നടന്നു പോകുന്നത് കണ്ണടച്ചാല്‍ ഇപ്പോഴും കാണാം.
തട്ടില്‍ എസ്റ്റേറ്റ് എന്ന് കേട്ടിട്ടുണ്ട്.
മണ്ണുത്തി വഴി പോകുമ്പാള്‍ കാര്‍ഷിക സര്‍വകലാശാല കവാടം എത്തുമ്പോള്‍ ഒരു ശീലം കണക്കെ ഇരുപുറവും ഞാനിപ്പോഴും നോക്കാറുണ്ട്.
വിസ്തൃതമായ വനമേഖലയില്‍ ഏതായിരുന്നു തട്ടില്‍ എസ്റ്റേറ്റ്. അതിന്റെ അതിരുകള്‍ എവിടെയായിരുന്നു?
ചരിത്രമായി മാറുന്ന കഥകള്‍ക്ക് മറുപുറങ്ങള്‍ ഉണ്ടാവുന്നത് ഇങ്ങനെയാവണം. കാടും പടലും കേറി. ചിലപ്പോള്‍ ചിതലും പുറ്റും തിന്ന്. കാലം പലതും പതുക്കെ മാറ്റിവരയ്ക്കും. അപ്പോള്‍ ചിത്രങ്ങളുടെ നിറവും രൂപവും മാറും. ചിലരൊക്കെ കാന്‍വാസില്‍ ഒഴിവാക്കപ്പെടും. മറ്റു ചിലത് അനുബന്ധമായി കൂട്ടിചേര്‍ക്കപ്പെടും.
കെ കരുണാകരന്‍, എ വി ആര്യന്‍, ഇഗ്നേഷ്യസ്, നന്ദകുമാര്‍ എന്നിങ്ങനെ ചില പേരുകള്‍ ആ കഥയോടൊപ്പം കൊമ്പും പല്ലുമായി മുളച്ചു.
ചെട്ടിയങ്ങാടി എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടി.
അഴീക്കോടനെപ്പോലെ അച്ഛനും വധിക്കപ്പെട്ടേക്കുമോ എന്ന ഭീതി . അച്ഛന്‍ മരിച്ച് വര്‍ഷങ്ങളൊരുപാടായിട്ടും അതേ അരക്ഷിതബോധം. എ വി ആര്യന്‍ ഞങ്ങളുടെ നാട്ടുകാരനാണ്. അച്ഛന്റെ പാര്‍ടി ജീവിതത്തില്‍ ഇത്രയേറെ കൊണ്ടും കൊടുത്തും അടുത്തും അകന്നും ഏറ്റുമുട്ടിയ നേതാവുണ്ടാവില്ല. ഒരേ തട്ടകക്കാരായതുകൊണ്ടാവണം ഒരേ കളരിയിലെ അഭ്യാസമുറ.
അച്ഛന്‍ മരിച്ച രാത്രിയാണ് ആര്യനെ ആദ്യമായി കാണുന്നത്. ഒരു ഓട്ടോറിക്ഷയില്‍ ആരോരുമറിയാതെ അദ്ദേഹം വന്നിറങ്ങി.
പുട കൊഴിഞ്ഞ സിംഹം. ഇക്കണ്ട കാലം ഞാന്‍ ഭയപ്പെട്ടിരുന്നത് ഈയൊരു പേരിനു പിന്നിലെ ക്രൗര്യത്തെയായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ വേദന കല്ലിച്ച ആ രാത്രിയിലും ഞാന്‍ മൃദുവായി ചിരിച്ചു. മുറ്റത്തൊരു കസേരയില്‍ മാമക്കുട്ട്യേട്ടന്‍ ഇരിപ്പുണ്ടായിരുന്നു.
അരുംകൊലയ്ക്ക് ഇരയാവുംമുമ്പേ, അഴീക്കോടനെ കണ്ടിട്ടുണ്ട്. ചായ കൊടുത്തിട്ടുണ്ട്. അഴീക്കോടന്‍ അന്ന് ഇരുന്ന കസേര അടയാളമിട്ട് മാറ്റിവച്ച് പുതൂര്‍ക്കര പാര്‍ടി ഓഫീസില്‍ കൊടുത്തിരുന്നു. ആ മരക്കസേര ഇപ്പോള്‍ അവിടെ ഇല്ല. അതിന്റെ ചരിത്രമറിയുന്നവരും.
അഴീക്കോടന്‍ വധിക്കപ്പെട്ട വാര്‍ത്തയറിയുന്നത്, മഞ്ഞയും കറുപ്പുമടിച്ച ഏറത്തെ രാമകൃഷ്ണന്റെ ടാക്സിയില്‍ അച്ഛനെ കൂട്ടിക്കൊണ്ടുപോയ പി ആര്‍ ഗോപാലേട്ടന്‍ പറഞ്ഞാണ്. കോമ്പാറയുമുണ്ട്. അവര്‍ മുറ്റത്തുനിന്നതേയുള്ളു.
ആ രാത്രി പിന്നെ ഞങ്ങളുറങ്ങിയില്ല. അച്ഛനെ പിന്നീടു കാണുന്നത് പിറ്റേന്ന് വൈകി. അഴീക്കോടന്റെ മൃതദേഹം അപ്പോള്‍ പയ്യാമ്പലമെത്തിയിരിക്കും.
ആ സന്ധ്യയിലും നല്ലപോലെ മഴ ചാറിയിരുന്നു.
പഴയ കഥകളറിവുള്ള എം കെ കണ്ണേട്ടന്‍ മറ്റൊന്നുകൂടി പിന്നീടു പറഞ്ഞിട്ടുണ്ട്. ‘മുള്ളൂര്‍ക്കായല്‍’ വധക്കേസില്‍ അച്ഛനെ പ്രതിചേര്‍ക്കാന്‍ പെട്ടാപ്പാടു പണിത പൊലീസ് മുറയെപ്പറ്റി.
ചെകിട്ടത്തടിച്ച് ഇ കെ എന്നു പറയിപ്പിക്കുമ്പോഴേക്കും, ആര് നായനാരോ എന്ന് ചോദിച്ച് ഇടയില്‍ ചാടിക്കയറി അച്ഛനെ രക്ഷപ്പെടുത്തിയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റ പേരു ഞാന്‍ ചോദിച്ചില്ല.