എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ച് മൂന്ന് റഷ്യൻ മിഗ്-31 യുദ്ധവിമാനങ്ങൾ

ടാലിൻ : റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി എസ്തോണിയ സര്‍ക്കാര്‍. വെള്ളിയാഴ്ചയാണ് മൂന്ന് റഷ്യൻ MiG-31 പോർവിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. ഇതേതുടർന്ന് നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ എസ്‌തോണിയ ആവശ്യപ്പെട്ടു.
വ്യോമാതിർത്തി ലംഘിച്ച് പോർവിമാനങ്ങൾ പറന്നതിനെത്തുടർന്ന് എസ്തോണിയ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. നാറ്റോയുടെ അടിയന്തര കൂടിയാലോചനകൾ ഇക്കാര്യത്തിൽ വേണമെന്ന് എസ്തോണിയൻ പ്രധാനമന്ത്രി ക്രിസ്റ്റൻ മൈക്കൽ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്ന് തോന്നിയാൽ അംഗരാജ്യങ്ങൾക്ക് അടിയന്തര ചർച്ചകൾ തേടാൻ അനുമതി നൽകുന്ന നാറ്റോയുടെ ആർട്ടിക്കിൾ 4 പ്രകാരമാണ് എസ്തോണിയയുടെ നീക്കം.
റഷ്യയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്തോണിയൻ വിദേശകാര്യ മന്ത്രി മാർഗസ് ത്സാക്ന അഭിപ്രായപ്പെട്ടു. ഇന്നത്തെ സംഭവം മുൻപെങ്ങുമില്ലാത്തവിധം ധിക്കാരപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ അതിക്രമങ്ങൾക്കെതിരെ രാഷ്ട്രീയപരവും സാമ്പത്തികവുമായ സമ്മർദ്ദം ശക്തമാക്കണമെന്ന് ത്സാക്ന പറഞ്ഞു.
മൂന്ന് റഷ്യൻ മിഗ്-31 യുദ്ധവിമാനങ്ങൾ ഫിൻലാൻഡ് ഉൾക്കടലിന് മുകളിലൂടെ അനുമതിയില്ലാതെ എസ്തോണിയൻ ആകാശത്ത് പ്രവേശിച്ച് 12 മിനിറ്റ് അവിടെ തുടർന്നു. നാറ്റോ വിമാനങ്ങൾ പോളണ്ടിൽ റഷ്യൻ ഡ്രോണുകളെ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഈ സംഭവം. ഈ വർഷം റഷ്യ തങ്ങളുടെ വ്യോമാതിർത്തിയിൽ നടത്തുന്ന അഞ്ചാമത്തെ ലംഘനമാണിതെന്ന് എസ്തോണിയൻ സർക്കാർ സ്ഥിരീകരിച്ചു. യുക്രൈൻ യുദ്ധം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് ഈ സംഭവം. എന്നാൽ എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ചത് റഷ്യ നിഷേധിച്ചു. കിഴക്ക് റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് എസ്തോണിയ.