ബലൂചിസ്ഥാനിൽ രണ്ട് സ്ഫോടനങ്ങളിലായി 11 പേർ മരിച്ചു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സ്ഫോടനങ്ങളിലായി 11 പേർ മരിച്ചു. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ, ഇറാന് സമീപത്തും അഫ്ഗാൻ അതിർത്തിയിലുമാണ് ആക്രമണമുണ്ടായത്. തീവ്രവാദ വിരുദ്ധ നടപടികളിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച ഇറാന് സമീപം ദാഷ്ടിലാണ് ചാവേർ സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ അർദ്ധസൈനികരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. മൂന്ന് സൈനിക സംഘങ്ങളാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി അഫ്ഗാൻ അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഈ മാസം പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന പ്രദേശമാണ് ബലൂചിസ്ഥാൻ. ധാതു സമ്പന്നമായ ബലൂചിസ്ഥാനിൽ ഭീകരവാദം വർദ്ധിച്ചുവരികയാണ്. പ്രദേശത്ത് തീവ്രവാദ വിരുദ്ധ നടപടികൾ വ്യാപകമായിട്ടുണ്ട്. ബലൂച് വിഗാക്കാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ സൈന്യത്തിനെതിരെ പതിറ്റാണ്ടുകളായി പോരാട്ടം നടക്കുകയാണ്.