ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക്; മുംബൈയില്‍ കൂട്ടത്തല്ല്

മുംബൈ : ഐഫോണ്‍ ഭ്രമം മുംബൈയില്‍ കലാശിച്ചത് കൂട്ടത്തല്ലില്‍. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക് ആളുകളുടെ തമ്മിലടിയില്‍ കലാശിച്ചത്.
ആപ്പിള്‍ സ്റ്റോറിന് പുറത്ത് കൂടിനിന്ന ആളുകള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് ആളുകളെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതും ചിലരെ വലിച്ചിഴച്ച് കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആപ്പിളിന്റെ പുതിയ ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് മോഡലുകള്‍ ഇന്നാണ് ഇന്ത്യയില്‍ വിപണിയിലെത്തിയത്. പുതിയ മോഡലുകള്‍ സ്വന്തമാക്കാന്‍ പലരും പുലര്‍ച്ചെ തന്നെ മുംബൈ ബാന്ദ്ര കുര്‍ള ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ തമ്പടിച്ചിരുന്നു. ഇതിനിടെ ചിലര്‍ വരിതെറ്റിച്ച് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സുരക്ഷാ ജീവനക്കാരുടെ ഇടപെടല്‍ കാര്യക്ഷമമല്ലായിരുന്നു എന്നും ആരോപണമുണ്ട്.
പുതിയ ഐഫോണ്‍ മോഡലുകള്‍ക്കായി സെപ്റ്റംബര്‍ 12 ന് പ്രീ ഓര്‍ഡറുകള്‍ക്ക് ആരംഭിച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.