വ്യാജ പാകിസ്താൻ ടീം ജപ്പാനിൽ; പിടികൂടി നാടുകടത്തി

ടോക്യോ : ഫുട്‌ബോള്‍ താരങ്ങളെന്ന വ്യാജേന ജപ്പാനിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുപേരെ പിടികൂടി നാടുകടത്തി. പാകിസ്താന്‍ ദേശീയ ടീമിന്റെ ജെഴ്‌സിയിലാണ് ടീം ജപ്പാനിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചത്.
ഇവരുടെ പക്കല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വ്യാജ എന്‍.ഒ.സിയുമുണ്ടായിരുന്നു. ജപ്പാനിലെ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കള്ളി വെളിച്ചത്തായത്. എന്നാല്‍, ഈ വ്യാജ രേഖകളുമായി അവര്‍ക്ക് എങ്ങനെയാണ് പാകിസ്താനില്‍ നിന്ന് ഇമിഗ്രേഷന്‍ കഴിഞ്ഞ് വിമാനത്തില്‍ കയറാനായത് എന്ന കാര്യം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല.
ഇതുമായി ബന്ധപ്പെട്ട് പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിയായ മാലിക് വഖാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആളുകളെ വിദേശരാജ്യങ്ങളിലേയ്ക്ക് കടത്താന്‍ വേണ്ടി മാത്രം ഇയാള്‍ക്ക് ഗോള്‍ ഫുട്‌ബോള്‍ ട്രയല്‍ എന്നൊരു ക്ലബും ഇയാള്‍ നടത്തിവരുന്നുണ്ടെന്ന് അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. വിദേശത്തേയ്ക്ക് കടക്കാന്‍ ഇയാള്‍ ആളുകളില്‍ നിന്ന് നാല്‍പത് മുതല്‍ നാല്‍പത്തിയഞ്ച് ലക്ഷം രൂപ വരെയാണ് വാങ്ങുന്നതെന്നും തെളിഞ്ഞു. ഇയാള്‍ക്കെതിരേ മറ്റ് നിരവധി കേസുകള്‍ നിലവിലുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ ജാപ്പനീസ് ക്ലബ് ബോവിസ്റ്റ എഫ്.സിയുടെ വ്യാജ ക്ഷണക്കത്ത് ഉപയോഗിച്ച് പതിനേഴു പേരെ സമാനമായ രീതിയില്‍ ജപ്പാനിലേയ്ക്ക് കടത്തിയിട്ടുണ്ട്. ഇവരാരും പിന്നീട് തിരിച്ചിവന്നിട്ടുമില്ല.