ലണ്ടനിൽ മലയാളി പെൺകുട്ടിയെ വെടിവച്ച കേസിൽ പ്രതിക്ക് 34 വർഷം തടവ്

ലണ്ടൺ : ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിക്ക് യുകെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 34 വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നാണ് കോടതി വിധി. ടോട്ടൻഹാം സ്വദേശിയായ ജാവോൺ റൈലി (33)യാണ് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്.
2024 മെയ് 29ന് രാത്രിയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു വടക്കൻ പറവൂരിലെ ഗോതുരുത്ത് സ്വദേശിയായ അജിഷിന്റെയും വിനയയുടേയും മകൾ ലിസേൽ മരിയ എന്ന ഒൻപതുകാരിയുടെ തലയ്ക്ക് വെടിയേറ്റത്. ബൈക്കിൽ പോവുന്നതിനിടെ ജാവോൺ റിലി ഉതിർത്ത ആറ് ബുള്ളറ്റുകളിലൊന്നേറ്റത് കുടുംബത്തിനൊപ്പം ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന ലിസേലിനായിരുന്നു.
റസ്റ്റോറന്റിന് പുറത്തിരിക്കുകയായിരുന്ന മുസ്തഫ കിസിൽടൺ, കെനാൻ അയ്ഗോഡു, നാസർ അലി എന്നീ മൂന്നംഗ സംഘത്തിനു നേരെയായിരുന്നു ജാവോൺ വെടിയുതിർത്തത്. യുകെയിൽ ഹെറോയിൻ ഇറക്കുമതി ചെയ്യുന്ന സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അത്. എന്നാൽ ആദ്യ വെടിയേറ്റത് ലിസേലിനായിരുന്നു.
ഗുരുതരനിലയിൽ മൂന്ന് മാസം ആശുപത്രിയിൽക്കഴിഞ്ഞ ലിസേലിന്റെ തലയിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനായില്ല. പെൺകുട്ടിയുടെ തലച്ചോറിൽ വെടിയുണ്ട തറച്ച നിലയിലും തലയോട്ടിയിൽ ടൈറ്റാനിയം പ്ലേറ്റും ഘടിപ്പിച്ചിട്ടാണുള്ളത്. ഈ ദുരന്തം ഞങ്ങളുടെ മകളുടെ ജീവിതത്തെ മാത്രമല്ല മാറ്റിമറിച്ചതെന്നും ഓരോ ദിവസവും ഈ വേദനയിലാണു ഞങ്ങൾ കഴിയുന്നതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.