ഐസക്കിന്റെ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തി; ആറ് പേര്‍ക്ക് പുതുജീവന്‍

കൊച്ചി : തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ പറന്നിറങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്ന് എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിലിറക്കിയ ഹൃദയം അവിടെ നിന്ന് പൂര്‍ണമായി ആധുനിക വത്കരിച്ച ആംബുലന്‍സ് വഴി കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ എത്തിച്ചു. വെറും നാല് മിനിറ്റുകൊണ്ടാണ് റോഡ് മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചത്.
ആവശ്യമായ സംവിധാനം ഒരുക്കിയതിനാല്‍ കൃത്യസമയത്ത് തന്നെ ഹൃദയം ആശുപത്രിയിലെത്തിക്കാനായെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. തുടിക്കുന്ന ഹൃദയമായതിനാല്‍ തന്നെ വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരുടെയും സഹകരണം കൊണ്ട് ഒട്ടുംവൈകാതെയെത്തിയെന്നും ഇത്തരമൊരു ദൗത്യമേറ്റെടുക്കുന്നത് ഇതാദ്യമാണെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയവേ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ 33കാരന്‍ ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി എറണാകുളം സ്വദേശി അജിനില്‍ മിടിക്കും. രണ്ട് വൃക്ക, ഹൃദയം, കരള്‍, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂര്‍ വടകോട് ചരുവിള ബഥേല്‍ വീട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ശ്രീ ഐസക്ക് ജോര്‍ജിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. താന്‍ നടത്തുന്ന റെസ്റ്റോറന്റിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോള്‍ അദ്ദേഹത്തെ ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു.
ഏഴാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിക്കുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. ബുധന്‍ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.