നിങ്ങൾക്കും ആര്‍ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാകാം; ഓഫറുമായി നാസ

വാഷിങ്ടണ്‍ ഡിസി : ചന്ദ്രനിലേക്കുള്ള യാത്രയില്‍ പൊതുജനങ്ങളെ പ്രതീകാത്മകമായി പങ്കെടുപ്പിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2026ല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആര്‍ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായി ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ നിങ്ങളുടെ പേരും ചന്ദ്രനെ വലംവെക്കും. ഇതിനായി ഇപ്പോള്‍ പേരുകള്‍ സമര്‍പ്പിക്കാം.
നാസയുടെ ചരിത്രപരമായ ദൗത്യങ്ങളില്‍ പൊതുജനങ്ങളെയും പങ്കാളികളാക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ അവസരം. ചന്ദ്രനിലേക്കുള്ള ഈ യാത്രയില്‍ ലോകമെമ്പാടുമുള്ള പൗരന്മാര്‍ക്ക് പ്രതീകാത്മകമായി പങ്കെടുക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. ലഭിക്കുന്ന ഓരോ പേരും ഒരു ഡിജിറ്റല്‍ മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കുകയും ദൗത്യസമയത്ത് ഓറിയോണ്‍ പേടകത്തിനുള്ളില്‍ വെക്കുകയും ചെയ്യും. ആര്‍ട്ടെമിസിലെ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ ഡിജിറ്റല്‍ രേഖയായി ഈ പേരുകള്‍ സൂക്ഷിക്കപ്പെടും.
ഈ യാത്രയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോട് നാസയുടെ സന്ദേശം ലളിതമാണ്: ആര്‍ട്ടെമിസ് II ചന്ദ്രനിലേക്ക് പോകുന്നു, നിങ്ങളുടെ പേരിനും പോകാം. ആര്‍ട്ടെമിസ് II ഒരു ചരിത്രപരമായ നാഴികക്കല്ലായിരിക്കുമെന്നും നാസ പറയുന്നു.
ആര്‍ട്ടെമിസ് ദൗത്യങ്ങളിലെ മനുഷ്യരെ വഹിക്കുന്ന ആദ്യത്തെ യാത്രയാണിത്. നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക് എന്നിവരും കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ (CSA) ജെറമി ഹാന്‍സണും അടങ്ങുന്ന നാല് ബഹിരാകാശയാത്രികര്‍, ശക്തമായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റില്‍ യാത്ര ചെയ്യുന്ന ആദ്യത്തെ മനുഷ്യരാകും. ചന്ദ്രനെ ചുറ്റി തിരികെ വരുന്ന ഈ യാത്രയില്‍ ഓറിയോണിന്റെ നൂതനമായ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ അവര്‍ പരീക്ഷിക്കും.