തിരുവനന്തപുരത്തിന്റെ ആകാശത്ത് ഇന്നുമുതല്‍ വര്‍ണ വിസ്മയം തീര്‍ത്ത് ആയിരം ഡ്രോണുകള്‍

തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിക്കൊണ്ട് തലസ്ഥാന നഗരിയില്‍ വര്‍ണ്ണാഭമായ ഡ്രോണ്‍ ഷോ ഒരുങ്ങുന്നു. തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്നത്. വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തുടക്കമാവും. 5, 6, 7 തീയതികളില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് തിരുവനന്തപുരത്തിന്റെ ആകാശത്ത് 2D, 3D രൂപങ്ങളില്‍ ഓണത്തിന്റെ സാംസ്കാരിക തനിമയും നവകേരളത്തിന്റെ വികസന സ്വപ്നങ്ങളും ചേര്‍ത്ത് ഡ്രോണ്‍ വെളിച്ചത്തില്‍ വിസ്മയം തീര്‍ക്കുന്നത്.
1000 ഡ്രോണുകളാണ് ഷോയില്‍ അണിനിരക്കുന്നത്. കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും കാണാനാകുന്നതിനാല്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ആകാശ വിസ്മയത്തിന് സാക്ഷിയാകാം. മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്ന പാളയത്തെ പള്ളി, അമ്പലം, മോസ്ക് എന്നിവയുടെ ആകാശത്തിന് മുകളിലൂടെയാകും ഈ വര്‍ണ്ണക്കാഴ്ച ഒരുങ്ങുക എന്നതാണ്. ഇത് സ്നേഹത്തിന്റെയും ഒരുമയുടെയും ഏറ്റവും മനോഹരമായ ആകാശകാഴ്ചയായി മാറും.
ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശം ആകാശത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഡ്രോണ്‍ ഷോ, തിരുവനന്തപുരത്തെ ജനങ്ങള്‍ക്കും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള മുന്‍നിര ഡ്രോ ണ് ടെക്നോളജി കമ്പനിയായ ബോട്ട് ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുന്നത്. 2022 ജനുവരി 29ന് രാഷ്ട്രപതിഭവനില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങിനായി 1000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്റെ റെക്കോഡുള്ള കമ്പനിയാണ് ബോട്ട് ലാബ്.