കുവൈത്ത് വിഷമദ്യ ദുരന്തം : ഇരകൾ ജീവിക്കും നിരവധി പേരിലൂടെ

കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ അവയവ ദാനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ഇതര രോഗികൾക്ക് മാറ്റിവെച്ചതായി കെടിവിക്ക് നൽകിയ അഭിമുഖത്തിൽ, പ്രമുഖ ട്രാൻസ്പ്ലാൻറ് സർജനും കുവൈത്തിലെ അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിന്റെ ചെയർമാനുമായ ഡോ. മുസ്തഫ അൽ-മൗസവി പറഞ്ഞു.
വിഷമദ്യ ദുരന്തത്തിന്റെ ഇരകളുടെ കുടുംബങ്ങളെ ബന്ധപ്പെട്ട് അംഗീകാരം നേടിയ ശേഷമായിരുന്നു അവയവ കൈമാറ്റം. ഏകദേശം 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ഡോ. മുസ്തഫ പറഞ്ഞു.
‘ചിലർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മറ്റു ചിലർക്ക് ഹൃദയാഘാതം സംഭവിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ ഞങ്ങൾ ബന്ധപ്പെടുകയും പത്ത് അവയവങ്ങൾ മാറ്റിവെക്കാൻ അനുമതി നേടുകയും ചെയ്തു. വൃക്കകൾ, ഹൃദയങ്ങൾ, കരളുകൾ, ശ്വാസകോശങ്ങൾ എന്നിവയാണ് ശേഖരിച്ചത്’ ഡോ. മുസ്തഫ അൽ-മൗസവി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം പ്രവർത്തനക്ഷമമല്ലെന്ന് കണക്കാക്കിയ ശ്വാസകോശം ഒഴികെയുള്ള എല്ലാ അവയവങ്ങളും മാറ്റിവച്ചു.
കുവൈത്തിലെ കരൾ മാറ്റിവയ്ക്കൽ താത്കാലികമായി നിർത്തിവച്ചതിനാൽ, കുവൈത്തി രോഗികളെ ചികിത്സിക്കുന്നതിനായി കരളുകൾ അബൂദബിയിലേക്ക് അയച്ചു. ഹൃദയങ്ങളും വൃക്കകളും രാജ്യത്ത്‌വച്ചുതന്നെ മാറ്റിവച്ചു.
”കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ, കുവൈത്തി രോഗികളിൽ മൂന്ന് ഹൃദയം മാറ്റിവയ്ക്കൽ വിജയകരമായി നടത്തി’ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ബദർ അൽഅയ്യദ് പറഞ്ഞു.
മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട രോഗികളിൽ നിന്നാണ് അവയവങ്ങൾ എടുക്കുന്നതെന്ന് ഡോ. അൽമൗസവി വിശദീകരിച്ചു. അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്യാൻ ഡോ. മൗസവി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജീവനുള്ളപ്പോൾ അവയവദാനം ചെയ്യുന്നതിനേക്കാൾ മരണാനന്തര ദാനങ്ങൾക്ക് അദ്ദേഹം മുൻഗണന നൽകി. ”കരൾ പോലെ ഉയർന്ന അപകടസാധ്യതയുള്ള അവയവങ്ങൾക്ക് ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്ന് അവയവങ്ങൾ നൽകുന്നതിനെ ഞാൻ എതിർക്കുന്നു” അൽ-മൗസവി പറഞ്ഞു.
”മരണപ്പെട്ടവരുടെ അവയവങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ ലോകത്ത് നല്ല പ്രവൃത്തി ചെയ്യാനുള്ള അവസാന അവസരമാണിത് – നീണ്ടുനിൽക്കുന്ന ദാനത്തിന്റെ ഒരു രൂപം.”- മൗസവി അഭിപ്രായപ്പെട്ടു. അവയവദാനത്തെ ഏറ്റവും മഹത്തായ ശാശ്വത ദാനങ്ങളിലൊന്നായി അല്ലെങ്കിൽ സദഖ ജാരിയയായാണ് കുവൈത്തിലെ ഇസ്‌ലാമിക പണ്ഡിതൻ അജീൽ അൽനാഷ്മി വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷമദ്യ ദുരന്തം 160 പേരെ ബാധിക്കുകയും 23 മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. കൂടുതലും ഏഷ്യൻ പൗരന്മാരെയായിരുന്നു ബാധിച്ചത്. കുറഞ്ഞത് 51 രോഗികൾക്ക് അടിയന്തര ഡയാലിസിസും 31 പേർക്ക് മെക്കാനിക്കൽ വെന്റിലേഷനും ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അനധികൃത മദ്യം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് 67 പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.