ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ അടക്കമുള്ള സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ജോർജിയ മെലോണി

റോം : തന്റെയും ഉറ്റ ബന്ധുവിന്റേയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വൈറലായതിന് പിന്നാലെ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി ഇറ്റലിയുടെ പ്രധാനമന്ത്രി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, സഹോദരി അരിയാന്ന, പ്രതിപക്ഷ നേതാവ് എല്ലി ഷെലീൻ അടക്കമുള്ള സ്ത്രീകളുടെ വ്യാജ ചിത്രങ്ങളാണ് അശ്ലീല സൈറ്റുകളിൽ വൈറലായത്. വെറപ്പുളവാക്കുന്ന പ്രവർത്തിയെന്നാണ് വ്യാജ ചിത്രങ്ങൾ ഇറ്റലിയിലെ കുപ്രസിദ്ധ അശ്ലീല സൈറ്റിൽ എത്തിയതിനേക്കുറിച്ച് ജോർജിയ മെലോണി പ്രതികരിച്ചത്. കുറ്റക്കാർക്ക് അൽപം പോലും വീഴ്ചയില്ലാതെ ശിക്ഷ നൽകുമെന്നും ജോർജിയ മെലോണി വിശദമാക്കി. ഏഴ് ലക്ഷത്തിലേറെ സബ്സക്രൈബേഴ്സാണ് വിവാദ വെബ്സൈറ്റിന് ഉള്ളത്. വ്യാഴാഴ്ച ഉപഭോക്താക്കൾ തെറ്റായ രീതിയിൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവെന്ന് ആരോപിച്ച് വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവർ സൈറ്റ് അടച്ച് പൂട്ടിയിരുന്നു. അതീവ അശ്ലീല പരമായ പരാമർശങ്ങളോടെയും മോശമായ രീതിയിലുമായിരുന്നു ചിത്രങ്ങൾ സൈറ്റിൽ വൈറലായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജ അശ്ലീല ചിത്രങ്ങൾ തയ്യാറാക്കിയത്.
നിരവധി സ്ത്രീകളാണ് സൈറ്റിനെതിരെ പരാതിയുമായി ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ഇത്തരത്തിൽ വ്യാജ നഗ്നചിത്രങ്ങൾ രാജ്യത്ത് സജീവമായി പ്രചരിക്കുന്നുവെന്ന് പ്രമുഖർ പരാതിപ്പെട്ടത്. ഇത്തരത്തിൽ മുറിവേൽക്കപ്പെട്ട സ്ത്രീകൾക്ക് തന്റെ പിന്തുണയുണ്ടെന്ന് ജോർജിയ മെലോണി വെള്ളിയാഴ്ച പ്രതികരിച്ചു. 2025ലും സ്ത്രീകളെ അപമാനിക്കാനും പൊതു സമൂഹത്തിൽ പരിഹസിക്കപ്പെടാനും ഇത്തരം വ്യാജ ചിത്രങ്ങൾ ഉപയോഗിക്കപ്പെടുന്നത് വേദനാജനകമാണ്.
2005ലാണ് വിവാദ സൈറ്റ് ഇറ്റലിയിൽ പ്രവർത്തനം ആരംഭിച്ചത്. നിരവധി സ്ത്രീകൾ നേരത്തെയും സൈറ്റിനെതിരെ പ്രതികരിച്ചിരുന്നു. സൈറ്റിൽ വിഐപി വിഭാഗത്തിലായിരുന്നു പ്രധാനമന്ത്രി അടക്കമുള്ള സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരുന്നത്. 2019ൽ മിലാൻ സർവ്വകലാശാല നടത്തിയ പഠനം അനുസരിച്ച് രാജ്യത്തെ 20 ശതമാനം സ്ത്രീകളു ഇത്തരത്തിലെ അതിക്രമങ്ങൾക്ക് വിധേയരാക്കപ്പെടുന്നുണ്ട്.