യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്യുപ്‌മെന്റ് ഇന്റർ നാഷണൽ ഷോയിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് വിലക്ക്

ലണ്ടൻ : യുകെ പ്രതിരോധ വകുപ്പിന്റെ കീഴിൽ അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എക്‌സിബിഷനിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് വിലക്ക്. ഇസ്രായേലി കമ്പനികളുടെ യുകെ അനുബന്ധ സ്ഥാപനങ്ങൾ വിലക്ക് ബാധകമല്ല. എന്നാൽ ഇസ്രായേൽ സർക്കാരിന്റെ പ്രതിനിധികൾക്ക് ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്യുപ്‌മെന്റ് ഇന്റർ നാഷണൽ ഷോയിലേക്ക് ക്ഷണമില്ല. ഗസ്സയിലെ ദുരിതങ്ങൾ പരിഹരിക്കാൻ ഇസ്രായേൽ നടപടി സ്വീകരിച്ചില്ലെങ്കിൽ യുകെ അത് ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സൂചനയും ബ്രിട്ടീഷ് പ്രധാനമന്ത്രി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ കമ്പനികളെ എക്‌സിബിഷനിൽ നിന്ന് വിലക്കിയത്.

”ഗസ്സയിലെ സൈനിക നടപടി കൂടുതൽ ശക്തമാക്കാനുള്ള ഇസ്രായേൽ തീരുമാനം തെറ്റാണ്. അതുകൊണ്ടാണ് ഡിഎസ്ഇഐ 2025ൽ പങ്കെടുക്കാൻ ഒരു ഇസ്രായേൽ സർക്കാർ പ്രതിനിധിയെയും ക്ഷണിക്കാതിരുന്നത്. യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടൽ ഉണ്ടാവണം. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിച്ച് ബന്ദി മോചനത്തിനും ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനും വഴിയൊരുക്കണം”- യുകെ സർക്കാരിന്റെ വക്താവ് പറഞ്ഞു.

വിലക്കിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ എക്‌സിബിഷനിൽ തങ്ങളുടെ പവലിയൻ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രായേലി പ്രതിരോധ കമ്പനികളായ എൽബിത് സിസ്റ്റംസ്, റഫാൽ, ഐഎഐ, യുവിഷൻ എന്നിവ എക്‌സിബിഷനിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button