വര്‍ണ്ണസുഗന്ധങ്ങളുള്ള പൂക്കളത്തിന്റെ ആയിരം ആശംസ കാര്‍ഡുകള്‍ മന്ത്രിക്ക് കൈമാറി ഭിന്നശേഷി വിദ്യാര്‍ഥികള്‍

തൃശൂര്‍ : ഈ വര്‍ഷം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഓണാശംസകള്‍ നേരുന്നത് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഓണാശംസ കാര്‍ഡുകളിലൂടെ. ആശംസകള്‍ അയക്കുന്നതിന് ആവശ്യമായ കാര്‍ഡുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) വിദ്യാര്‍ഥികള്‍ മന്ത്രിക്ക് കൈമാറി.
ചണം,വര്‍ണക്കടലാസുകള്‍, മുത്തുമണികള്‍ എന്നിവ ഉപയോഗിച്ച് ഇരിങ്ങാലക്കുട നിപ്മറിലെ ഭിന്നശേഷിക്കാരായ എം വൊക്ക് വിദ്യാര്‍ഥികളാണ് ആയിരം ആശംസക്കാര്‍ഡുകള്‍ സമ്മാനിച്ചത്. മനോഹരമായി ആശംസാ കാര്‍ഡുകള്‍ നിര്‍മ്മിച്ച കുട്ടികളെ മന്ത്രി ആര്‍.ബിന്ദു അഭിനന്ദിച്ചു. നിപ്മറിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിത്തന്ന മനോഹരമായ കാര്‍ഡുകള്‍ ഈ ഓണത്തിന് വര്‍ണ്ണസുഗന്ധങ്ങളുള്ള പൂക്കളത്തിന്റെ സന്തോഷം പകരുന്നതാണെന്ന് മന്ത്രി ഫെയ്ബുക്കില്‍ കുറിച്ചു.
‘ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴില്‍ പരിശീലനം നല്‍കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന പദ്ധതിയാണ് എമ്പവര്‍മെന്റ് ത്രൂ വൊക്കേഷണലൈസേഷന്‍. അതിലെ സര്‍ഗ്ഗാവിഷ്‌കാരമാണ് വിദ്യാര്‍ഥികളൊരുക്കിയ സുന്ദരങ്ങളായ കാര്‍ഡുകള്‍. എല്ലാത്തരം വൈവിധ്യങ്ങളെയും ആലിംഗനം ചെയ്യുകയും ഓരോരുത്തരിലെയും അനന്യമായ കഴിവിനെ കണ്ടെത്തി വളര്‍ത്തുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ സമൃദ്ധിയിലേക്ക് നാം വളരുക. സന്തോഷവും ഐക്യവും നിറഞ്ഞ, എല്ലാവര്‍ക്കും ഇടമുള്ള സമൂഹത്തിന്റെ കാവലാളുകളാവാന്‍ ഈ ഉത്സവം നമുക്ക് നവോന്മേഷം തരട്ടെയെന്നതാണ് ഈ കാര്‍ഡുകളുണര്‍ത്തുന്ന സന്ദേശം. പകരം, സ്‌നേഹവും പ്രതീക്ഷയും ഒരുമയും വാഴുന്ന നിറവാര്‍ന്ന ഓണനാളുകള്‍ ഈ കുട്ടികള്‍ക്ക് നമുക്ക് മുന്‍കൂറായി ആശംസിക്കാം!’ വിഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി കുറിച്ചു.