തമിഴ്നാട് കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്കൂൾവാൻ മറിഞ്ഞു; 9 കുട്ടികൾക്ക് പരുക്ക്

ചെന്നൈ : തമിഴ്നാട് കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്കൂൾവാൻ മറിഞ്ഞു. 9 കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ സ്കൂളിലെ കുട്ടികൾ ആണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യ വാൻ നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള തൂണിൽ ഇടിച്ചു. വാഹനം പൂവനൂരിലെ ലെവൽ ക്രോസിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള ഒരു തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വസന്ത് (11), അനന്തിക (11), അശ്വിക (11), അശ്വിൻ (12), അരവിന്ദ് (13), നിവേത (11), ജെഗദീഷ് (14), രാഹുൽ (15), ഹരീഷ് (11) എന്നീ ഒമ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി വാൻ റെയിൽവേ ട്രാക്കിൽ നിന്ന് നീക്കം ചെയ്തു.