ഒത്തുകളിച്ച് പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്തയാളെ എംഎല്‍എയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു : മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം : ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പേരിനൊരു പാര്‍ട്ടി നടപടിയെടുത്ത് എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള സൗകര്യം ഒരുക്കി കോണ്‍ഗ്രസ് ഒത്തുകളിച്ചെന്ന് മന്ത്രി എംബി രാജേഷ്. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു എംബി രാജേഷ്.
‘കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്തിന് യോഗ്യനല്ലാത്ത ഒരംഗത്തെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ എംഎല്‍എയായി അടിച്ചേല്‍പ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത് എന്ത് ന്യായമാണ്? കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എയുമായി ഒത്തുകളിച്ചിരിക്കുകയാണ്, എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. പേരിനൊരു പാര്‍ട്ടി നടപടിയാണ് എടുത്തിരിക്കുന്നത്, ഒത്തുകളി വ്യക്തമാക്കിയിരിക്കുന്നുവെന്നും’ എംബി രാജേഷ് പറഞ്ഞു.
‘ഈ ആക്ഷേപങ്ങള്‍ നേരത്തെ തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച പെണ്‍കുട്ടി തന്നെ പറഞ്ഞിരുന്നു, ആ പെണ്‍കുട്ടി പറഞ്ഞത് ഉത്തരവാദിത്തപ്പെട്ടരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്, എന്നിട്ടാണ് എംഎല്‍എ ആക്കിയത് എന്നാണ്. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞു, ആ ഉടഞ്ഞ വിഗ്രഹങ്ങളാണ് ഇപ്പോഴും സംരക്ഷിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും’ എംബി രാജേഷ് പറഞ്ഞു.