സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രം.
വ്യാജ ആരോപണങ്ങൾക്കും ഗൂഢാലോചനയ്ക്കും പിന്നിൽ സ്വപ്നയും, പി.സി ജോർജും എന്നായിരുന്നു പരാതി. സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗൂഢാലോചന നടന്നുവെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ പൊതുമധ്യത്തിൽ പ്രതികരണം നടത്തിയെന്നും ചില ശബ്ദരേഖകൾ പങ്കുവെച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കെ.ടി ജലീൽ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്.