അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

മുംബൈ : അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 17,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ അനിൽ അംബാനിയുടെ കഫെ പരേഡിലെ സീവിൻഡിലുള്ള വസതിയിൽ എത്തിയത്. റിലയൻസ്, എഡിഎ ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിച്ചതോടെ, ആരോപണവിധേയമായ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ നടപടി എന്നാണ് റിപ്പോർട്ടുകൾ.
ആർകോമിന് (RELIANCE COMMUNICATIONS) എസ്‌ബിഐ നൽകിയ ബാധ്യതയിൽ 2016 ഓഗസ്റ്റ് മുതൽ പലിശയും ചാർജുകളും ഉൾപ്പെടെ ₹2,227.64 കോടിയുടെ ഫണ്ട് അധിഷ്ഠിത കുടിശ്ശികയും ₹786.52 കോടിയുടെ ഫണ്ട് അധിഷ്ഠിതമല്ലാത്ത ബാങ്ക് ഗ്യാരണ്ടിയുമാണ് ഉൾപ്പെടുന്നത്. ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്റ്റസി കോഡ് (ഐബിസി) പ്രകാരം എസ്‌ബിഐ ആർകോമിനെയും അനിൽ അംബാനിയെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തുകയും ജൂൺ 24 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2021 ജനുവരിയിൽ സിബിഐയിൽ ബാങ്ക് പരാതി നൽകുകയുമായിരുന്നു.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ബാങ്ക് ഒരു അക്കൗണ്ടിനെ ഫ്രോഡ് പട്ടികയിൽ പെടുത്തിക്കഴിഞ്ഞാൽ 21 ദിവസത്തിനുള്ളിൽ ആർബിഐയെ അറിയിക്കുകയും കേസ് സിബിഐയിലോ പൊലീസിലോ റിപ്പോർട്ട് ചെയ്യുകയും വേണം.