കണ്ണൂരില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍ : കുറ്റിയാട്ടൂരില്‍ വീടിനുള്ളില്‍ കയറി യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉരുവച്ചാല്‍ സ്വദേശി പ്രവീണയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. തീകൊളുത്തിയ കുട്ടാവ് സ്വദേശി ജിജേഷും പൊള്ളലേറ്റ് ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെയാണ് ജിജേഷിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ പ്രവീണ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിച്ചത്.
വീടിന്റെ അടുക്കള ഭാഗത്തായിരുന്നു യുവതി ഉണ്ടായിരുന്നത്. ജിജേഷ് ഇവിടെയെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. യുവതിയും ഇയാളുമായി മുന്‍പരിചയമുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ശേഷവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിജേഷിന്റെ മൊഴി എടുത്ത ശേഷവും മാത്രമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.