നടന്‍ മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന; എല്ലാവർക്കും നന്ദി പറഞ്ഞ് പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ്

കൊച്ചി : നടന്‍ മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്‍കി പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ്. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റ് ജോര്‍ജ് എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ദൈവമേ നന്ദിയെന്നും ആന്റോയുടെ പോസ്റ്റിലുണ്ട്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.
എക്കാലത്തെയും വലിയ വാര്‍ത്തയെന്ന് നടി മാല പാര്‍വതി കമന്റ് ചെയ്യുകയുമുണ്ടായി. ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളവും കമന്റ് ചെയ്തു. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോൾ വന്ന വാർത്തയിൽ ആരാധകർ സന്തോഷത്തിലാണ്.
അര മണിക്കൂറിനുള്ളില്‍ 2500 ല്‍ അധികം ലൈക്കുകളും നാനൂറോളം കമന്‍റുകളും നൂറിലേറെ ഷെയറുകളുമാണ് ഫേസ്ബുക്കില്‍ ആന്‍റോ ജോസഫിന്‍റെ പോസ്റ്റിന് ലഭിച്ചത്. ഏറ്റവും ഒടുവില്‍ നടത്തിയ ആരോഗ്യ പരിശോധനകളില്‍ മമ്മൂട്ടി പൂര്‍ണ്ണ സൗഖ്യം നേടിയതായാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു.
അതേസമയം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് ഈ ബിഗ് ബജറ്റ് സിനിമയുടെ പ്രത്യേകതയാണ്. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീലങ്കയും ദില്ലിയും ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകള്‍ ഉള്ള ബിഗ് കാന്‍വാസ് ചിത്രമാണ് ഇത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും അഭിനയിക്കുന്നുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക. വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.