ആസ്ട്രേലിയയിലെ മോണ വെയ്ൽ ഗോൾഫ് കോഴ്സിൽ ക്രാഷ് ലാൻഡ് ചെയ്ത് ചെറു വിമാനം

സിഡ്നി : ഗോൾഫ് മൈതാനത്തിന്റെ പച്ചപ്പുൽത്തകിടിയിൽ ചെറുവിമാനം നിലതെറ്റി വീണു. മൈതാനത്ത് വിശ്രമിച്ചുകൊണ്ടിരുന്നവർ കാൺകെയായിരുന്നു അപകടം. നട്ടുച്ചക്ക് രണ്ടു മണിയോടെയാണ് ആസ്ട്രേലിയയിലെ മോണ വെയ്ൽ ഗോൾഫ് കോഴ്സിൽ ചെറു വിമാനത്തിന്റെ ക്രാഷ് ലാൻഡിങ്.
ആളുകളെ ഞെട്ടിച്ച പുൽത്തകിടിയിലെ ക്രാഷ് ലാൻഡിങ്ങിൽ പക്ഷേ, ആളപായമുണ്ടായില്ലെന്നതാണ് ആശ്വാസം. പൈപ്പർ ചെറോകീ ചെറു വിമാനത്തിൽ അമ്പതുകാരായ രണ്ടു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇരുവർക്കും നേരിയ പരിക്കുകൾ മാത്രമാണുള്ളത്. മെഡിക്കൽ സംഘം സ്ഥലത്തെത്തി ഇരുവർക്കും ചികിത്സ നൽകി.
പൈലറ്റ് ഇൻസ്ട്രക്ടറായിരുന്ന ഒരാളും പഠിക്കുകയായിരുന്ന ഒരാളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ആസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (എ.ടി.എസ്.ബി) വക്താവ് അറിയിച്ചു. വോളോങ്ഗോങ്ങിനടുത്ത ഷെൽഹാർബറിൽ നിന്നാണ് വിമാനം പറന്നുതുടങ്ങിയത്. കാംഡെനിൽ ഒരു മണിയോടെ നിലത്തിറക്കിയശേഷം പിന്നീട് പറക്കൽ പുനഃരാരംഭിക്കുകയായിരുന്നു.
തങ്ങൾ നോക്കിനിൽക്കെ വിമാനം തകർന്നുവീണത് ഗോൾഫ് മൈതാനത്തെ നിരവധിയാളുകളെ ഞെട്ടിച്ചു. സ്ഥലത്തുണ്ടായിരുന്ന ചിലർ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അപകടമുണ്ടായതിനു പിന്നാലെ ആളുകൾ പൈലറ്റിനെയും യാത്രക്കാരനെയും സഹായിക്കാനായി ഓടിയെത്തി.
പ്രാഥമിക ചികിത്സ നൽകിയശേഷം ഇരുവരെയും റോയൽ നോർത്ത് ഷോർ ഹോസ്പിറ്റലിലേക്ക് മാറ്റി. വിമാനം ആകാശത്തുനിന്ന് പൊട്ടിവീണ പോലെയായിരുന്നു അപകടമെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പ്രതികരിച്ചു. ആദ്യം വലിയ ശബ്ദം കേട്ടതായും തൊട്ടുപിന്നാലെ അപകടം സംഭവിച്ചതായും മറ്റൊരാൾ പറഞ്ഞു.
കിച്ച്നർ പാർക്കിൽ ഫുട്ബാൾ മത്സരം കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഞാൻ ഒരു കൂട്ടുകാരിയോട് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് തെക്കുനിന്ന് വിമാനം വരുന്നത് കണ്ടത്. അത് പൊടുന്നനെ വടക്കുഭാഗത്തേക്ക് തിരിഞ്ഞ് കീഴോട്ടേക്ക് ചിറകിടിച്ച് ചരിഞ്ഞ് വീഴുകയായിരുന്നു’ -അപകടം നേരിട്ടുകണ്ട യുവതി എ.ബി.സി ന്യൂസിനോട് പറഞ്ഞു.