
കോട്ടയം : സംവിധായകൻ നിസാർ(63) അന്തരിച്ചു. കരൾ, ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ സംസ്കാരം നടക്കും.
സുദിനം, ത്രീ മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം തുടങ്ങി 25ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
ചെറിയ ബഡ്ജറ്റിൽ , വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് മുഖ്യധാര സിനിമകൾ ഒരുക്കി വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു നിസാർ . സാധാരണ സീനുകളിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചും ചീറ്റിങ്ങ് ഷോട്ടുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയും വേഗത്തിൽ ചിത്രങ്ങളൊരുക്കുന്നതിൽ നിസാർ പുലർത്തിയ പ്രായോഗിക സമീപനങ്ങളും സാങ്കേതിക ജ്ഞാനവും ഓർമശക്തിയും ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പ്രസിദ്ധമായിരുന്നു .
ജഗതി ശ്രീകുമാറിനെപ്പോലുള്ള തിരക്കുപിടിച്ച താരങ്ങളുടെ ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് കൊണ്ട് സിനിമയിലെ മുഴുനീള വേഷം ചിത്രീകരിക്കാനുള്ള നിസാറിന്‍റെ വൈഭവം പിൽക്കാലത്ത് മലയാള സിനിമയിൽ പ്രശസ്തരായി മാറിയ പല സംവിധായകരുടെയും പഠന കളരികൂടിയായിരുന്നു . ഐഎഫ് എഫ് കെയിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നിസാർ സിംഗിൾ ഷോട്ട് ട്രീറ്റ്മെന്റിൽ ചെയ്‌ത ‘ടു ഡേയ്സ്’ എന്ന സിനിമ ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .