പൂജപ്പുര ജയില്‍ കാന്റീനില്‍ മോഷണം

തിരുവനന്തപുരം : പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു കാമറപോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം.
പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.