കൊടുങ്കാറ്റ് : മാൾട്ടയിലേക്കുള്ള രണ്ടു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; പ്രധാന പ്രദേശങ്ങളിൽ വൈദ്യുത തടസം

മാൾട്ടയിൽ ഇന്ന് (ഞായറാഴ്ച) പുലർച്ചെയുണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ലണ്ടനിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പലേർമോയിലേക്കാണ് വിമാനങ്ങൾ തിരിച്ചു വിട്ടത്. ലണ്ടനിൽ നിന്നുള്ള കെഎം മാൾട്ട എയർലൈൻസ് കെഎം 103, റയാനെയറിന്റെ എഫ്ആർ 8853 എന്നി രാത്രിവിമാനങ്ങളാണ് പലേർമോയിലേക്ക് തിരിച്ചുവിട്ടത്. അതേസമയം സെവില്ലയിൽ നിന്നുള്ള റയാനെയർ വിമാനം എഫ്ആർ 1409 പുലർച്ചെ 2.28 ന് മാൾട്ടയിൽ ലാൻഡ് ചെയ്തു.
മാൾട്ടയുടെ ചില ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായിട്ടുണ്ട്. മെല്ലീഹ, സെന്റ് പോൾസ് ബേ, നക്സാർ എന്നിവിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി എനെമാൽറ്റ ഇപ്പോഴും പ്രയത്നിക്കുകയാണ്. മോസ്റ്റ, സെബ്ബുഗ്, സിജിജിവി, ക്രെണ്ടി എന്നിവയുൾപ്പെടെ മാൾട്ടയുടെ പല ഭാഗങ്ങളിലും കനത്ത മഴയും അതിശക്തമായ ഇടിമിന്നലും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എംസിഡയിൽ 12.4mm മഴ രേഖപ്പെടുത്തി, മോസ്റ്റയിൽ 11mm മഴ പെയ്തു, ലുക്കയിൽ 10.3mm മഴ ലഭിച്ചു. മറുവശത്ത്, സാഗ്രയിലും സെവ്കിജയിലും ഒരു തുള്ളി പോലും പെയ്തില്ല. ഞായറാഴ്ച മുഴുവൻ ഒറ്റപ്പെട്ട ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയോ ആലിപ്പഴ വർഷമോ ഉണ്ടാകുമെന്ന യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.