ദേശീയം

ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ആറുവയസുകാരൻ മരിച്ചു, 12 പേർക്ക് പരിക്ക്

ബംഗളൂരു : ബംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് വയസ്സുകാരന് ദാരുണാന്ത്യം. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതികളുടെ മകൻ മുബാറക് ആണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.

ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. കസ്തുരമ്മ (35), സരസമ്മ (50), ഷബീറാന ബാനു (35), സഭ്രാമണി (62), ശൈഖ് നജീദുല്ല (37), ഫാത്തിമ (8) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. വിൽസൺ ഗാർഡൻ ഹൗസിന് സമീപം രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ പത്ത് വീടുകളും തകർന്നിട്ടുണ്ട്. സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടം നടന്ന സ്ഥലത്ത് പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ 8:30ഓടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് സ്‌ക്വാഡ്, അഗ്നി രക്ഷാ സേന, എസ്ആർഡിഎഫ്, ഫോറൻസിക് സംഘം തുടങ്ങിയവർ അപകടസ്ഥലത്ത് നിലവിലുള്ളതായും, സ്ഥലത്ത് ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button