സ്പോർട്സ്

ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി 20 ക്രി​​ക്ക​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​മ​​ത്സ​​ര​​ത്തി​​ല്‍ കോ​​ല്‍​​ക്ക​​ത്ത നൈ​​റ്റ്റൈ​​ഡേ​​ഴ്സി​​നു ജ​​യം.


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 15-ാം സീസണിന്റെ ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ആറ്‌ വിക്കറ്റിനു തോല്‍പ്പിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത നിലവിലെ ചാമ്ബ്യന്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 131 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കളി തീരാന്‍ ഒന്‍പത്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
ഓപ്പണര്‍ അജിന്‍ക്യ രഹാനെ (34 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 44), നിതീഷ്‌ റാണ (17 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21), വെങ്കടേഷ്‌ അയ്യര്‍ (16 പന്തില്‍ 16), സാം ബില്ലിങ്‌സ് (21 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 25) എന്നിവരെ പുറത്താക്കാന്‍ സൂപ്പര്‍ കിങ്‌സിനു കഴിഞ്ഞെങ്കിലും കൊല്‍ക്കത്തയുടെ ജയം തടയാനായില്ല. നായകന്‍ ശ്രേയസ്‌ അയ്യര്‍ (20 പന്തില്‍ 20), ഷെല്‍ഡന്‍ ജാക്ക്‌സണ്‍ (മൂന്ന്‌) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. രഹാനെയും വെങ്കടേഷ്‌ അയ്യരും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ മികച്ച തുടക്കം നല്‍കി.
38 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 50 റണ്ണുമായിനിന്ന മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണി, 28 പന്തില്‍ ഒരു സിക്‌സറടക്കം 26 റണ്ണുമായിനിന്ന നായകന്‍ രവീന്ദ്ര ജഡേജ എന്നിവരാണ്‌ സൂപ്പര്‍ കിങ്‌സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌. ടോസ്‌ നേടിയ നൈറ്റ്‌ റൈഡേഴ്‌സ് നായകന്‍ ശ്രേയസ്‌ അയ്യര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനു വിട്ടു. സീസണിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കാന്‍ കൊല്‍ക്കത്തയ്‌ക്കായി. ഉമേഷ്‌ യാദവ്‌ എറിഞ്ഞ ഓവറിലെ നാലാമത്തെ പന്തില്‍ ഋതുരാജ്‌ ഗെയ്‌ക്വാദ്‌ (0) നിതീഷ്‌ റാണയ്‌ക്കു പിടി കൊടുത്തു. സഹഓപ്പണര്‍ ഡെവണ്‍ കോണ്‍വേയും (മൂന്ന്‌) ഉമേഷ്‌ യാദവിന്റെ പന്തില്‍ പുറത്തായി. ശ്രേയസ്‌ അയ്യരാണു കോണ്‍വേയുടെ ക്യാച്ചെടുത്തത്‌. 21 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 28 റണ്ണുമായി അടിച്ചു തകര്‍ത്ത റോബിന്‍ ഉത്തപ്പയെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഷെല്‍ഡണ്‍ ജാക്‌സണ്‍ സ്‌റ്റമ്ബ്‌ ചെയ്‌തു.
അമ്ബാട്ടി റായിഡു (17 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 15) റണ്ണൗട്ടായതോടെ സൂപ്പര്‍ കിങ്‌സ് തകര്‍ന്നു. ശിവം ദുബെ (ആറ്‌ പന്തില്‍ മൂന്ന്‌) ആന്ദ്രെ റസലിനു കീഴടങ്ങി. സൂപ്പര്‍ കിങ്‌സ് അഞ്ചിന്‌ 61 റണ്ണെന്ന നിലയിലായിരിക്കേ ജഡേജയും ധോണിയും ഒരുമിച്ചു. അവസാന അഞ്ചോവറില്‍ സി.എസ്‌.കെ. 58 റണ്‍ അടിച്ചെടുത്തു. ആറാം വിക്കറ്റില്‍ ധോണിയും ജഡേജയും ചേര്‍ന്ന്‌ 56 പന്തില്‍ 70 റണ്‍ ചേര്‍ത്തു. ചെന്നൈ അനായാസം ജയിക്കുമെന്നു പ്രവചിച്ച മത്സരത്തില്‍ കെ.കെ.ആര്‍. ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ശ്രേയസിന്റെ നായക മികവിന്‌ ബൗളര്‍മാര്‍ ഒപ്പംനിന്നു. 11-ാം ഓവര്‍ ആകുമ്ബോഴേയ്‌ക്കും സി.എസ്‌.കെയുടെ അഞ്ചു പേര്‍ ഡ്രസിങ്‌ റൂമില്‍ തിരിച്ചെത്തി. ഉമേഷ്‌ യാദവ്‌ രണ്ട്‌ വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
മൂന്നു താരങ്ങള്‍ ഈ മത്സരത്തിലൂടെ കെ.കെ.ആറിനായി അരങ്ങേറി. നായകന്‍ ശ്രേയസിനെ കൂടാതെ അജിന്‍ക്യ രഹാനെ, ഇംഗ്ലണ്ടിന്റെ സാം ബില്ലിങ്‌സ്‌ എന്നിരാണ്‌ കന്നി മത്സരം കളിച്ചത്‌. ന്യൂസിലന്‍ഡിന്റെ ഡെവന്‍ കോണ്‍വേ, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ന്യൂസിലന്‍ഡ്‌ പേസര്‍ ആഡം മില്‍നെ, പേസര്‍ തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും ആദ്യ മത്സരത്തിനിറങ്ങി.
കഴിഞ്ഞ സീസണിലെ ചാമ്ബ്യനാണു സൂപ്പര്‍ കിങ്‌സ്. റണ്ണര്‍ അപ്പാണ്‌ കൊല്‍ക്കത്ത. ഇംഗ്ലീഷ്‌ ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ദീപക്‌ ചാഹാര്‍ എന്നിവര്‍ സൂപ്പര്‍ കിങ്‌സിലും പാറ്റ്‌ കുമ്മിന്‍സ്‌ കൊല്‍ക്കത്തയിലും കളിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button