ഗസ്സ സമ്പൂർണ പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി

തെൽ അവിവ് : ഗസ്സ നഗരം പൂർണമായും കീഴ്പ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്റെ അനുമതി. കാൽ ലക്ഷം റിസർവ് സൈനികരെ കൂടി രംഗത്തിറക്കി ഗസ്സയിൽ ആക്രമണം വിപുലപ്പെടുത്താനൊരുങ്ങുകയാണ് ഇസ്രായേൽ. അത്യന്തം അപകടകരമായ സൈനിക പദ്ധതിയെന്ന് യുഎന്നും ലോക രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
ഗസ്സ നഗരം പൂർണമായി കീഴ്പ്പെടുത്താൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതിനെതിരെ യുഎന്നും ചൈന ഉൾപ്പെടെ വൻശക്തി രാജ്യങ്ങളും രംഗത്തെത്തി. ശക്തമായ പ്രക്ഷോഭ പരിപാടികൾ തുടരാൻ ബന്ദികളുടെ ബന്ധുക്കളും ഇസ്രായേൽ പ്രതിപക്ഷവും തീരുമാനിച്ചു. ബന്ദികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതാണ് മന്ത്രിസഭയുടെ മണ്ടൻ തീരുമാനമെന്നും അത് വൻ ദുരന്തത്തിന് കാരണമാകുമെന്നും ബന്ദികളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സംഘടന ആരോപിച്ചു. അപകടകരമായ പദ്ധതി ഗസ്സയിലെ മാനുഷികദുരന്തംകൂടുതൽ തീവ്രമാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ചൈന, കാനഡ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഇസ്രായേൽ പദ്ധതിയെ വിമർശിച്ചു.
ബന്ദികളെ മുഴുവൻ തിരികെ എത്തിക്കുക, ഹമാസിനെ നിരായുധീകരിക്കുക, ഗസ്സ മുനമ്പിൽ ഇസ്രായേലിന്റെ നിയന്ത്രണം, ബദൽ സിവിലിയൻ സർക്കാർ രൂപീകരണം, സൈനികവത്കരണം തുടങ്ങി നെതന്യാഹുവിന്റെ അഞ്ച് നിർദേശങ്ങൾക്കും ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുമാണ് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം. പട്ടിണി പിടിമുറുക്കിയ ഗസ്സയിലേക്ക് അടിയന്തര ഇടപെടലും സഹായവും ആവശ്യമായ ഘട്ടത്തിൽ ക്രൂരമായ സൈനിക നടപടിക്ക് ഇസ്രായേൽ തുനിയുന്നത് പതിനായിരങ്ങളുടെ മരണത്തിലാകും കലാശിക്കുക. ബന്ദികളുടെ ജീവനെക്കാൾ രഷ്ട്രീയ താൽപര്യമാണ് നെതന്യാഹുവിന് വലുതെന്ന് തെളിഞ്ഞതായി ഹമാസ് പ്രതികരിച്ചു. ശക്തമായ ചെറുത്തുനിൽപ്പിന് സജ്ജമാണെന്നും സംഘടന അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഇന്നലെ ഗസ്സ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ നടന്ന വെടിവെപ്പിൽ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു. കിഴക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.