ദേശീയം

ബാങ്ക് വായ്പാ തട്ടിപ്പ് : അനില്‍ അംബാനിക്ക് എതിരെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി : വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. അനില്‍ അംബാനി ഓഗസ്റ്റ് 5 ന് ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് നടപടി. മൂന്ന് ദിവസങ്ങളിലായി അനില്‍ അംബാനിയുമായി ബന്ധപ്പെട്ട 35 ഓളം ഇടങ്ങളിലും 50 സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. 25 പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അംബാനിയെ വിളിപ്പിച്ചിരിക്കുന്നത്.

ഒന്നിലധികം വായ്പാ തട്ടിപ്പ് കേസുകളിലാണ് അനില്‍ അംബാനി അന്വേഷണം നേരിടുന്നത്. യെസ് ബാങ്കുമായി ബന്ധപ്പെട്ടതാണ് ഇതില്‍ പ്രധാനം. 2017 -19 കാലത്ത് യെസ് ബാങ്ക് അനില്‍ അംബാനി കമ്പനികള്‍ക്ക് നല്‍കിയ 3,000 കോടിയുടെ വായ്പയില്‍ വഴിവിട്ട ഇടപാടുകള്‍ നടന്നു എന്നാണ് പ്രധാന ആരോപണം. അംബാനിയുടെ കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രമോട്ടര്‍മാരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തി എന്നാണ് ഇഡി കണ്ടെത്തല്‍. വായ്പ അനുവദിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം.

സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡ് എന്നസ്ഥാപനം വഴി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഏകദേശം 10,000 കോടി രൂപ മറ്റ് റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലേക്ക് രഹസ്യമായി മാറ്റിയെന്ന ആരോപണത്തിലും അന്വേഷണം നടക്കുണ്ട്. കമ്പനികള്‍ തമ്മിലുള്ള വായ്പ എന്ന പേരിലാണ് തുകയുടെ കൈമാറ്റം. ഇതിന് പുറമെ 2017 മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെ, ന്യായവില ക്രമീകരണം, വ്യവസ്ഥകള്‍, ഇംപയേണ്‍മെന്റ് തുടങ്ങിയ കാരണങ്ങളാല്‍ റിലയന്‍സ് ഇന്‍ഫ്ര 10,110 കോടി രൂപ എഴുതിത്തള്ളിയതായും ആരോപണമുണ്ട്. സി.എല്‍.ഇ എന്ന സ്ഥാപനത്തിന് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞിട്ടും പണം നല്‍കി. സി.എല്‍.ഇയുമായുള്ള ബന്ധത്തെകുറിച്ച് റിലയന്‍സ് ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടില്ല തുടങ്ങിയ ആരോപണങ്ങളും അനില്‍ അംബാനി നേരിടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button