വലെറ്റയിലേക്കുള്ള പ്രവേശന കവാടത്തിൽ ഇരുചക്രവാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ വേണമെന്ന് ഹർജി

വലെറ്റയിലേക്കുള്ള പ്രവേശന കവാടത്തിൽ മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. ഒരു മോട്ടോർ സൈക്കിൾ യാത്രികനാണ് സർക്കാരിനുമുന്നിൽ ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. പഴയ പാർക്കിംഗ് സ്ഥലത്ത് അധികൃതർ പിഴ ചുമത്താൻ തുടങ്ങിയതിനെത്തുടർന്നാണ് ഈ ആവശ്യം.
നിലവിൽ, തലസ്ഥാനത്തേക്കുള്ള പ്രവേശന കവാടത്തിന് പുറത്തുള്ള മോട്ടോർ സൈക്കിളുകൾക്കുള്ള പ്രധാന പാർക്കിംഗ് സ്ഥലം കാസ്റ്റിലിനടുത്തുള്ള ഓലോർമു കാസർ അവന്യൂവിന്റെ മുകളിലാണ്. ഈ പ്രദേശത്ത് ഏകദേശം 10 വാഹനങ്ങൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്നാണു പരാതിക്കാരിയായ അന്ന സ്റ്റുപ്കോയുടെ അഭിപ്രായം. “പൂർണ്ണമായും സൂര്യപ്രകാശം ഏൽക്കുന്നതിനാൽ ഈ സ്ഥലം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് അനുയോജ്യമല്ല,” സ്റ്റുപ്കോ പറഞ്ഞു. ജൂലൈ ആരംഭം വരെ, മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് സെൻട്രൽ ബാങ്ക് കാർ പാർക്കിലെ ഒരു ഭാഗത്ത് നടപ്പാതയിൽ പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ട്രാൻസ്പോർട്ട് മാൾട്ട ഇപ്പോൾ ആ പ്രദേശത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താൻ തുടങ്ങി. “കാറുകൾക്ക് പകരമായി മോട്ടോർ ബൈക്കുകൾ നിരത്തിലിറക്കണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പാർക്കിംഗ് സ്ഥലങ്ങൾ എടുത്തുകളയുകയും ചാർജിംഗ് സൗകര്യങ്ങൾ നിലവിലില്ലാതിരിക്കുകയും ചെയ്യുന്നത് നിരാശാജനകമാണ്- സ്റ്റുപ്കോ പറഞ്ഞു
വാലറ്റ പ്രവേശന കവാടത്തിന് സമീപം മേൽക്കൂരയുള്ള മോട്ടോർസൈക്കിൾ പാർക്കിംഗ് ഏരിയ സൃഷ്ടിക്കുക, ഇരുചക്ര വാഹനങ്ങൾക്ക് ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുക, നിയമപരമായ പാർക്കിംഗ് സ്ഥലങ്ങൾ വർദ്ധിപ്പിക്കുക, മതിയായ അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വരുന്നതുവരെ പിഴകൾ താൽക്കാലികമായി നിർത്തിവയ്ക്കുക എന്നിവയാണ് സ്റ്റുപ്കോ ഹർജിയിൽ ആവശ്യപ്പെടുന്നത്. ‘നമ്മുടെ മൊബിലിറ്റി പുനർരൂപകൽപ്പന ചെയ്യുക’ എന്ന തന്ത്രത്തിന്റെ ഭാഗമായി മാർച്ചിൽ ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണ നടപടികളിൽ ഒന്നായിരുന്നു മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ ഏർപ്പെടുത്തൽ. പുതിയ പെട്രോൾ മോട്ടോർസൈക്കിൾ വാങ്ങുന്നവർക്കുള്ള ഗ്രാന്റ് സ്കീം മെയ് മാസത്തിൽ പുതുക്കി. ഒരു ചെറിയ മോട്ടോർസൈക്കിൾ വാങ്ങുമ്പോൾ €1,000 മുതൽ ഇടത്തരം മോട്ടോർസൈക്കിളുകൾക്ക് €750 വരെയാണ് ഗ്രാന്റുകൾ.