കനത്തമഴ : സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

കൊച്ചി : സംസ്ഥാനത്ത് തോരാതെ പെയ്യുന്ന കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയില്‍ നാദാപുരം, മാവൂര്‍, കല്ലാച്ചി മേഖലയില്‍ കനത്തമഴയില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് തോണി മറിഞ്ഞ് ഒരാളെ കാണാതായി. കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ മാരാരിക്കുളത്ത് കനത്ത മഴയിലും കാറ്റിലും ട്രാക്കില്‍ വീണ മരം നീക്കി.
കോഴിക്കോട് കല്ലാച്ചിയില്‍ അനുഭവപ്പെട്ട മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മാവൂരിലും കനത്ത കാറ്റാണ് നാശനഷ്ടമുണ്ടാക്കിയത്. കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ തകരുകയും ചെയ്തു. ഇതിന് പുറമേ മാവൂരില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. അതിനാല്‍ താഴ്ന്ന പ്രദേശങ്ങൡ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.
തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.
നാദാപുരം ടൗണിനോട് ചേര്‍ന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.
കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മല്‍ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റില്‍ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.
പാലക്കാട് അഴിമുഖത്ത് തോണി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പാലക്കാട് ശക്തമായ കാറ്റില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ആലപ്പുഴ മാരാരിക്കുളത്ത് കനത്ത മഴയിലും കാറ്റിലും ട്രാക്കില്‍ വീണ മരം നീക്കി. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. എല്ലാ ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കേരളാ തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്.