മാര്ട്ടിൻ ലൂഥര്‍ കിങ് ജൂനിയര്‍ വധം : നിര്‍ണായക ഫയലുകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ ഡിസി : മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ വധവുമായി ബന്ധപ്പെട്ട എഫ്ബിഐ നിരീക്ഷണ ഫയലുകൾ ഉൾപ്പെടെയുള്ള നിരവധി രേഖകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം. പൗരാവകാശ നേതാവായ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളുടെ ഒരു കൂട്ടവും ഇതിൽ ഉൾപ്പെടുന്നു.
എഫ്ബിഐ നാഷണൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷന് കൈമാറിയ മുദ്ര വച്ച 240,000-ത്തിലധികം പേജുകളുള്ള രേഖകൾ ഇതിലുൾപ്പെടുന്നു. നിര്‍ണായക രേഖകൾ പുറത്തുവിടുന്നതിനെ കിങ് ജൂനിയറിന്റെ കുടുംബം എതിര്‍ത്തിരുന്നു. തങ്ങളുടെ പിതാവി പാരമ്പര്യത്തെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ള രീതിയിൽ ഈ രേഖകൾ ദുരുപയോഗം ചെയ്യാനുള്ള ഏതൊരു ശ്രമത്തെയും അപലപിക്കുന്നതായി അദ്ദേഹത്തിന്റെ മക്കൾ വ്യക്തമാക്കിയിരുന്നു. കിംഗ് ജൂനിയറിന്റെ മക്കളായ മാര്ട്ടിൻ മൂന്നാമനെയും ബെര്‍ണീസിനെയും ഫയലുകൾ പുറത്തുവിടുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു. ഫയലുകൾ റിലീസ് ചെയ്യുന്നതിനെ അവയുടെ പൂർണമായ ചരിത്ര പശ്ചാത്തലത്തിൽ കാണണമെന്ന് മക്കൾ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഈ ഫയലുകൾ ആരും കാണാതെ പൊടി പിടിച്ചിരിക്കുകയായിരുന്നുവെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് (ഡിഎൻഐ) തിങ്കളാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി. എഫ്ബിഐ, നീതിന്യായ വകുപ്പ്, നാഷണൽ ആർക്കൈവ്സ്, സിഐഎ എന്നിവയുമായി ഏകോപിപ്പിച്ചാണ് രേഖൾ പുറത്തുവിട്ടത്. “നമ്മുടെ രാജ്യത്തെ മഹാനായ നേതാക്കളിൽ ഒരാളുടെ ദാരുണമായ കൊലപാതകത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കൻ ജനത ഉത്തരം അർഹിക്കുന്നു,” യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി പറഞ്ഞു.
നേരത്തെ പ്രസിഡന്റായിരുന്ന സമയത്ത് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകള്‍ ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) എന്നിവയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി മറ്റ് നിരവധി ഫയലുകള്‍ പുറത്തു വിട്ടിരുന്നില്ല.
അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു മാര്ട്ടിന് ലൂതര്‍ കിങ് ജൂനിയര്‍.അമേരിക്കയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ പൗരന്മാരുടെ നിയമപരമായ വേര്‍തിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ പൗരാവകാശ നിയമവും 1965 ലെ വോട്ടവകാശ നിയമവും സൃഷ്ടിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. 1964 ല്‍ സമാധാനത്തിനുള്ള നോബലിലൂടെ, നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കിങ് ജൂനിയര്‍. ഇരുപതാം നൂറ്റാണ്ടില്‍ ലോകമെങ്ങും കത്തിപ്പടര്‍ന്ന പൗരാവകാശ പ്രക്ഷോഭങ്ങള്‍ക്ക് മാര്ട്ടിന് ലൂഥര്‍ കിംഗ് ചെലുത്തിയ സ്വാധീനം ചെറുതല്ല.
1968 ഏപ്രില്‍ 4ന് 39 ാം വയസിലാണ് മാര്ട്ടിന് ലൂതര്‍ കിങ് കൊല്ലപ്പെടുന്നത്. ലോറന് മോട്ടലിലെ തന്റെ മുറിക്ക് പുറത്ത് ഒരു ബാല്‍ക്കണിയില്‍ നില്ക്കുമ്പോള്, മാര്ട്ടിന് ലൂതര്‍ കിംഗ് ജൂനിയറുടെ ശരീരത്തില്‍ വര്‍ണ്ണവെറിയനും വെള്ളക്കാരനുമായ ജയിംസ് ഏൾ റേ എന്നയാളുടെ വെടിയുണ്ട് തുളച്ചു കയറുകയായിരുന്നു. ഒരു ലക്ഷത്തിലധികം പേര് പങ്കെടുത്ത മാര്ട്ടിൻ ലൂഥര്‍ കിങ്ങിന്റെ സംസ്കാരച്ചടങ്ങ് അമേരിക്കയാകെ ദുഃഖത്തിലാഴ്ത്തിയാണ് നടന്നത്.