അന്തർദേശീയം

വ്യാജ ട്രേഡിങ് തട്ടിപ്പ് : പ്രതികളെ പിടികൂടി ദുബൈ പൊലീസ്

ദുബൈ : സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ട്രേഡിങ്, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികൾ രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായും പൊലീസ് കണ്ടെത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷനിലെ ആന്റി ഫ്രോഡ് സെന്ററാണ് പ്രതികളെ പിടികൂടിയത്.

തട്ടിപ്പ് സംഘം ഇരകളുടെ ഫോണിൽ വിളിച്ച ശേഷം പ്രശസ്തമായ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് അവർ നിർമ്മിച്ച വ്യജ ട്രേഡിങ് വെബ്സൈറ്റുകളുടെ ലിങ്ക് അയച്ചു നൽകും.

ആദ്യ ഘട്ടങ്ങളിൽ നിക്ഷേപിക്കുന്ന തുകയുടെ നല്ലൊരു ശതമാനം ലാഭമായി നൽകും. ഇത് വിശ്വസിച്ചു ഇരകൾ വൻ തുകകൾ വീണ്ടും തട്ടിപ്പ് സംഘങ്ങൾക്ക് അയച്ചു നൽകും. തട്ടിപ്പുകാർ ഈ പണം ഉടൻ തന്നെ യു എ ഇയ്ക്കു പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും. തുടർന്ന് ഫോൺ ഓഫ് ആക്കി ഇവർ രക്ഷപെടും. ഇങ്ങനെ ആണ് തട്ടിപ്പുകൾ നടന്നു കൊണ്ടിരുന്നത്.

ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ നിന്ന് പണം നേടിത്തരാം എന്ന വാഗ്ദാനവുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ അത് വിശ്വസിക്കരുത്. ലൈസൻസ് ലഭിച്ച അംഗീകാരമുള്ള സ്ഥാപനങ്ങളെ മാത്രമേ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സമീപിക്കാൻ പാടുള്ളൂ എന്നും ദുബൈ പൊലീസ് ഓർമിപ്പിച്ചു.

തട്ടിപ്പ് നടന്നു എന്ന് ബോധ്യപ്പെട്ടാലോ, സംശയാസ്പദമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാലോ ഉടൻ ദുബൈ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button