1982-ലെ നയതന്ത്രജ്ഞ കൊലപാതകങ്ങൾ; ലെബനീസ് ആക്ടിവിസ്റ്റിനെ മോചിപ്പിക്കാൻ ഫ്രഞ്ച് കോടതി ഉത്തരവ്

പാരിസ് : 1980കളുടെ തുടക്കത്തിൽ ഫ്രാൻസിൽ യുഎസ് ഇസ്രായേലി നയതന്ത്രജ്ഞരെ കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം തടവിന് വിധിച്ച ലെബനീസ് ആക്ടിവിസ്റ്റ് ജോർജ് ഇബ്രാഹിം അബ്ദുല്ലയെ മോചിപ്പിക്കാൻ ഫ്രഞ്ച് കോടതി ഉത്തരവിട്ടു. 1984-ൽ അറസ്റ്റ് ചെയ്യപ്പെടുകയും 1982-ലെ കൊലപാതകങ്ങൾക്ക് 1987-ൽ ശിക്ഷിക്കപ്പെടുകയും ചെയ്ത ലെബനീസ് സായുധ വിപ്ലവ ബ്രിഗേഡിന്റെ മുൻ തലവനായ ജോർജ് ഇബ്രാഹിം അബ്ദുല്ലയെ ഡിസംബർ 6ന് ഫ്രാൻസിൽ നിന്ന് പുറത്ത് പോകണമെന്ന വ്യവസ്ഥയിൽ വിട്ടയക്കുമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
1982-ൽ പാരിസിൽ യുഎസ് നയതന്ത്രജ്ഞൻ ചാൾസ് റേയുടെയും ഇസ്രായേൽ നയതന്ത്രജ്ഞൻ യാക്കോവ് ബർസിമാന്റോവിന്റെയും കൊലപാതകങ്ങളിലും 1984-ൽ യുഎസ് കോൺസൽ ജനറൽ റോബർട്ട് ഹോമിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 1987-ൽ ജോർജ് അബ്ദുല്ലക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2003, 2012, 2014 വർഷങ്ങളിൽ നിരവധി തവണ ജോർജ് അബ്ദുല്ലയുടെ മോചനത്തിനായുള്ള അപേക്ഷകൾ നിരസിക്കുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ജോർജ് അബ്ദുല്ലയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ലെബനൻ അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഷിംഗ്ടൺ അദ്ദേഹത്തിന്റെ മോചനത്തെ നിരന്തരം എതിർത്തു. ഇപ്പോൾ 73 വയസുള്ള ജോർജ് അബ്ദുല്ല താൻ ഒരു കുറ്റവാളിയല്ലെന്നും ഫലസ്തീനികളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു ‘പോരാളി’ ആണെന്നും എപ്പോഴും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 1999 മുതൽ പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്ന ജോർജ് അബ്ദുല്ലക്ക് 2013-ൽ ഫ്രാൻസ് വിട്ടുപോകണം എന്ന വ്യവസ്ഥയിൽ മോചനം ലഭിച്ചെങ്കിലും അന്നത്തെ ആഭ്യന്തര മന്ത്രി മാനുവൽ വാൾസ് ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ചു. യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച തടവുകാരിൽ ഒരാളായ അബ്ദുല്ല തന്റെ പ്രവൃത്തികളിൽ ഒരിക്കൽ പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല.
1978-ൽ ഇസ്രായേൽ ലെബനൻ അധിനിവേശത്തിനിടെ പരിക്കേറ്റ ജോർജ്, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീനിൽ (PFLP) ചേർന്നു. 1960-കളിലും 1970-കളിലും നിരവധി വിമാന റാഞ്ചലുകൾ നടത്തിയ ഈ സംഘടനയെ അമേരിക്കയും യൂറോപ്യൻ യൂണിയനും ‘തീവ്രവാദ’ ഗ്രൂപ്പായി മുദ്രകുത്തി നിരോധിച്ചു. ക്രിസ്ത്യാനിയായ ജോർജ് അബ്ദുല്ല 1970കളുടെ അവസാനത്തിൽ ലെബനീസ് ആംഡ് റെവല്യൂഷണറി ഫാക്ഷൻസ് (LARF) എന്ന സായുധ സംഘടന സ്ഥാപിച്ചു. ഇറ്റലിയിലെ റെഡ് ബ്രിഗേഡ്‌സ്, ജർമൻ റെഡ് ആർമി ഫാക്ഷൻ (RAF) എന്നിവയുൾപ്പെടെയുള്ള മറ്റ് തീവ്ര ഇടതുപക്ഷ സായുധ ഗ്രൂപ്പുകളുമായി ഇതിന് ബന്ധമുണ്ടായിരുന്നു. സിറിയൻ അനുകൂല, ഇസ്രായേൽ വിരുദ്ധ മാർക്സിസ്റ്റ് ഗ്രൂപ്പായ LARF, 1980കളിൽ ഫ്രാൻസിൽ നടന്ന നാല് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 1984-ൽ ലിയോണിലെ ഒരു പൊലീസ് സ്റ്റേഷനിൽ കയറി ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിലെ കൊലയാളികൾ തന്റെ പിന്നാലെയുണ്ടെന്ന് അവകാശപ്പെട്ടതിന് ശേഷമാണ് ജോർജ് അബ്ദുല്ല ആദ്യമായി അറസ്റ്റിലായത്.