നൈജറില്‍ ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി

നിയാമി : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കര്‍മാലി (39), മറ്റൊരു ദക്ഷിണേന്ത്യക്കാരനായ കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മരിച്ച കൃഷ്ണന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ആറ് പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമികള്‍ ഒരാളെ തട്ടിക്കൊണ്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു കശ്മീര്‍ സ്വദേശിയായ രഞ്ജിത് സിങ്ങ് എന്നയാളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. അക്രമം നൈജറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ നൈജറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി നിര്‍ദേശിച്ചു.
നൈജര്‍ തലസ്ഥാനമായ നിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിലാണ് സംഭവം. ഇന്ത്യ ആസ്ഥാനമായുള്ള ട്രാന്‍സ്‌റെയില്‍ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. കെട്ടിട നിര്‍മാണത്തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടത്. നിര്‍മാണ സ്ഥലത്തിന് കാവല്‍ നിന്ന സൈനികരുമായുള്ള ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഭീകരര്‍ തൊഴിലാളികള്‍ക്ക് നേരെ തിരിഞ്ഞത്.