അന്തർദേശീയം

കാലിവളർത്തൽ മേഖലയിൽ നിർണായകമായ ചുവടുവെപ്പ്; ക്ലോണിങ്ങിലൂടെ യാക്കിനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ

ബൈജിങ് : ക്ലോണിങ്ങിലൂടെ യാക്കിനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. തെക്കുപടിഞ്ഞാറൻ ടിബറ്റിലെ ഡാംസങ്ങിലെ ബ്രീഡിങ് ബേസിലാണ് ക്ലോണിങ്ങിലൂടെയുള്ള ലോകത്തെ ആദ്യ യാക്ക് ജന്മമെടുത്തത്.

33.5 കിലോ ഭാരമുള്ള യാക് കിടാവാണ് ക്ലോണിങ്ങിലൂടെ ജനിച്ചത്. ഇത് സാധാരണ യാക് കുഞ്ഞുങ്ങളെക്കാൾ ആരോഗ്യമുള്ളതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പൂർണമായും കറുപ്പ് നിറത്തിലുള്ള യാക് കിടാവ് മറ്റ് കന്നുകാലി കിടാക്കളെ പോലെതന്നെ ജനിച്ചയുടൻ നടക്കാനും തുടങ്ങി.

കാലിവളർത്തൽ മേഖലയിൽ ഏറെ നിർണായകമായ ചുവടുവെപ്പാണ് ക്ലോണിങ്ങിലൂടെ യാക് ജന്മമെടുത്ത സംഭവമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്രത്യേകിച്ചും ടിബറ്റ് പോലെയുള്ള വളരെ ഉയർന്ന ഭൂപ്രദേശങ്ങളിൽ. ഇറച്ചി, പാൽ, ഗതാഗതം, ചാണകത്തിൽ നിന്നുള്ള ഉൽപ്പനങ്ങൾ തുടങ്ങിയവയിലൂടെ യാകിന് ടിബറ്റൻ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമാണുള്ളത്.

സൊമാറ്റിക് സെൽ ക്ലോണിങ് എന്ന രീതിയാണ് യാകിന് ജന്മം നൽകാൻ സ്വീകരിച്ചത്. മറ്റൊരു യാക്കിന്‍റെ കോശത്തിലെ ഡി.എൻ.എയെ കോശകേന്ദ്രം ഒഴിവാക്കിയ അണ്ഡത്തിൽ സംയോജിപ്പിക്കുകയാണ് ചെയ്തതത്. ഇതിനെ ലബോറട്ടറിയിൽ വളർത്തി ഭ്രൂണമാക്കി വികസിപ്പിച്ചു. ഈ ഭ്രൂണത്തെ പിന്നീട് മറ്റൊരു യാക്കിന്‍റെ ഗർഭപാത്രത്തിൽ വളർത്തിയെടുക്കുകയാണ് ചെയ്തത്. സിസേറിയൻ വഴിയാണ് കുട്ടി യാക്കിനെ ഗർഭപാത്രത്തിൽ നിന്ന് പുറത്തെടുത്തത്.

സമ്പൂര്‍ണ ജീനോം സെലക്ഷൻ എന്നൊരു രീതിയും ഗവേഷകർ അവലംബിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ജനിതക ഘടനയുള്ള ജീവിയെ തിരഞ്ഞെടുക്കാൻ സാധ്യമാകുന്ന രീതിയാണിത്. മികച്ച ശരീരവലിപ്പം, പാലുൽപ്പാദനം എന്നിവയും ഉറപ്പിക്കാൻ ഇതുവഴി സാധിക്കും.

ഷെജിയാങ് സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ 2023ൽ ആരംഭിച്ച പ്രൊജക്ടാണ് ഇപ്പോൾ പൂർണതയിലെത്തിയത്. കൂടുതൽ കരുത്തും ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയുമുള്ള യാക്കിനെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ടിബറ്റിലെ ഉയർന്ന ഭൂപ്രകൃതിക്കും കാലാവസ്ഥക്കും ഇണങ്ങുന്ന, അതിജീവനശേഷിയേറിയ യാക്കുകളെ സൃഷ്ടിക്കുകയും ലക്ഷ്യമായിരുന്നു.

ടിബറ്റിന്‍റെ ജനതയുടെ ജീവിതരീതിയിൽ ഒഴിവാക്കാൻ പറ്റാത്ത വളർത്തുമൃഗമാണ് യാക്കുകൾ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ തന്നെ മനുഷ്യർ യാക്കിനെ മെരുക്കി വളർത്തുമൃഗമാക്കിയതാണ്. ഇറച്ചിക്കും പാലിനും മലനിരകളിൽ ഗതാഗതത്തിനും ചരക്ക് നീക്കത്തിനുമെല്ലാം യാക്കിനെ ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ടിബറ്റൻ മേഖലയുടെ സംസ്കാരത്തിനും സമ്പദ്ഘടനയിലും യാക്കുകൾക്ക് നിർണായക സ്ഥാനമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button