തുറമുഖ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്മെന്റ് : മാൾട്ടക്കെതിരെ യൂറോപ്യൻ കമ്മീഷൻ ഇയു കോടതിയിലേക്ക്

തുറമുഖ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്മെന്റ് സംവിധാനത്തിലെ പാകപ്പിഴകൾക്കതിരെ യൂറോപ്യൻ കമ്മീഷൻ മാൾട്ടയെ യൂറോപ്യൻ യൂണിയന്റെ കോടതിയിലേക്ക് റഫർ ചെയ്തു. നിലവിലുള്ള ജീവനക്കാരുടെ ബന്ധുക്കൾക്ക് തൊഴിലിൽ ലഭിക്കുന്ന മുൻതൂക്കമാണ് യൂറോപ്യൻ കമ്മീഷനെ പ്രകോപിപ്പിച്ചത്. സ്വതന്ത്ര സഞ്ചാരത്തെയും തൊഴിൽ ലഭ്യതയെയും കുറിച്ചുള്ള EU നിയമങ്ങളുടെ ലംഘനമാണിതെന്നാണ് യൂറോപ്യൻ കമ്മീഷൻ വാദം.
കമ്പനികൾ തുറമുഖ തൊഴിലാളി രജിസ്റ്ററിൽ നിന്ന് മാത്രമായി നിയമനം നടത്തണമെന്ന് നിയമനം നടത്തമെന്ന ആവശ്യം മാൾട്ട മുന്നോട്ടു വെച്ചിരുന്നു. ഇതിലൂടെ പുതിയ തൊഴിലാളികൾക്കുള്ള തൊഴിൽ അവസരങ്ങൾ ഈ മേഖലയിൽ ഇതിനകം ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ഇതിലൂടെ തുറമുഖ ജോലികളിലേക്കുള്ള പ്രവേശനം ഫലപ്രദമായി നിയന്ത്രിക്കുകയാണെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. നിലവിലുള്ള തൊഴിലാളികൾ വിരമിക്കുമ്പോഴോ, മരിക്കുമ്പോഴോ, അല്ലെങ്കിൽ ഡ്യൂട്ടിക്ക് യോഗ്യരല്ലെന്ന് വൈദ്യശാസ്ത്രപരമായി സാക്ഷ്യപ്പെടുത്തുമ്പോഴോ മാത്രമേ രജിസ്റ്ററിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുകയുള്ളൂ, ഇതിലൂടെ തൊഴിൽ അവസരങ്ങൾ ഒരു ക്ളോസ്ഡ് സർക്കിളിൽ മാത്രമായി പരിമിതപ്പെടുത്തുകയാണെന്നും EC ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സ്വതന്ത്രമായ സഞ്ചാരം, സ്ഥാപന സ്വാതന്ത്ര്യം, ബ്ലോക്കിലുടനീളം സേവനങ്ങൾ നൽകാനുള്ള സ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന EU ഉടമ്പടികളുടെ പ്രധാന വ്യവസ്ഥകൾ ഈ ക്രമീകരണം ലംഘിക്കുന്നുവെന്ന് കമ്മീഷൻ വാദിച്ചു. നിയമലംഘനം കണ്ടെത്തിയാൽ, യൂറോപ്യൻ യൂണിയൻ നിയമത്തിന് അനുസൃതമായി റിക്രൂട്ടിങ് സംവിധാനം മാൾട്ടക്ക് ഭേദഗതി ചെയ്യേണ്ടിവരും. കൂടാതെ കുടുംബ ബന്ധങ്ങൾ പരിഗണിക്കാതെ, യോഗ്യതയുള്ള അപേക്ഷകർക്ക് തുറമുഖ ജോലികളിൽ അവസരം ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കേണ്ടിയും വരും.